മസ്കത്ത് ഇന്ത്യൻ എംബസി ഗാന്ധിജയന്തി ആഘോഷിച്ചു
text_fieldsമസ്കത്ത്: മഹാത്മാ ഗാന്ധിയുടെ 155ാം ജന്മവാർഷികവും അന്താരാഷ്ട്ര അഹിംസ ദിനവും മസ്കത്ത് ഇന്ത്യൻ എംബസി ആഘോഷിച്ചു. രാജയോഗ സെന്റർ ഫോർ സെൽഫ് ഡെവലപ്മെന്റുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ ഒമാനി പ്രമുഖർ, ഇന്ത്യയിലെ സുഹൃത്തുക്കൾ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ, െറസിഡന്റ് അംബാസഡർമാർ, നയതന്ത്ര സേനാംഗങ്ങൾ, ഇന്ത്യൻ പ്രവാസികൾ എന്നിവരുൾപ്പെടെ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള 200ഓളം ആളുകൾ പങ്കെടുത്തു.
സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ 20 വിദ്യാർഥികൾ പരിപാടിയിൽ സംബന്ധിച്ചു. എംബസി പരിസരത്തെ ഗാന്ധി പ്രതിമക്ക് പുതുതായി മേലാപ്പ് ഒരുക്കി. പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ദീർഘകാലമായി ഒമാനിൽ താമസിക്കുന്നയാളുമായ കിരൺ ആഷർ ആണ് ഇത് സ്പോൺസർ ചെയ്തത്.
മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. സയ്യിദ ഹുജൈജ അൽ സഈദ് മുഖ്യാതിഥിയായി. ഒമാൻ വിദേശകാര്യ മന്ത്രാലയം ഡിപ്ലോമാറ്റിക് അക്കാദമി മേധാവി ഷെയ്ഖ് ഹുമൈദ് അൽമാനി, രാജയോഗ സെന്ററിലെ സിസ്റ്റർ ബി.കെ. ആശ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിൽ അഹിംസ അന്തർലീനമായ മൂല്യമാണെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു. അടിച്ചമർത്തലിനും അനീതിക്കുമെതിരെ പോരാടാൻ ആദർശത്തെ ശക്തമായ രാഷ്ട്രീയ ഉപകരണമാക്കി മാറ്റുന്നതിൽ മഹാത്മാഗാന്ധിയുടെ പ്രതിഭ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ മൂല്യങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷ പരിഹാരത്തിനുള്ള പ്രതീക്ഷയുടെ വിളക്കായി വർത്തിക്കുന്നുവെന്ന് സയ്യിദ ഹുജൈജ അൽ സഈദ് പറഞ്ഞു.
ഒമാൻ ഏറെ ഇഷ്ടപ്പെടുന്ന തത്ത്വമാണിത്. അന്തരിച്ച സുൽത്താൻ ഖാബൂസ് സമാധാനത്തിനും അഹിംസക്കും നൽകിയ സംഭാവനകളെ മാനിച്ച് മരണാനന്തരം നൽകിയ ഗാന്ധി സമാധാന പുരസ്കാരവും അവർ എടുത്ത് പറഞ്ഞു.
ഗാന്ധിയൻ തത്ത്വങ്ങളുടെ വ്യത്യസ്ത തലങ്ങളെ കുറിച്ച്, പ്രത്യേകിച്ച് ഇന്നത്തെ ലോകത്ത് ആന്തരിക സമാധാനത്തിന്റെയും സാർവത്രിക സാഹോദര്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആശ സദസ്സുമായി സംവദിച്ചു.
മഹാത്മാഗാന്ധിയുടെ വിനയം, സഹാനുഭൂതി, അനുകമ്പ തുടങ്ങിയ മൂല്യങ്ങളുടെ സത്തയെ പ്രതിഫലിപ്പിക്കുന്ന പ്രസിദ്ധമായ ‘വൈഷ്ണവ് ജാൻ തോ’ ഗാനം ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ആലപിച്ചു. മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നൃത്ത-നാടകവും വിദ്യാർഥികൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.