ഇന്ത്യ-ഒമാൻ ചരിത്രം പകർന്ന് മസ്കത്ത് ഇന്ത്യൻ എംബസി പ്രഭാഷണ പരമ്പര
text_fieldsമസ്കത്ത്: ഇന്ത്യയും ഒമാനും നാഗരികതയും ജനങ്ങളും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്തുന്നതിനായി മസ്കത്ത് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ രണ്ടാമത്തെ പരിപാടി കഴിഞ്ഞ ദിവസം നടന്നു.
മസ്കത്ത് ഇന്ത്യൻ എംബസി ഹാളിൽ നടന്ന പരിപാടിയിൽ സമുദ്രചരിത്ര വിദഗ്ധയായ ഡോ. ഛായാ ഗോസ്വാമി, ‘മാൻഡ്വി, മസ്കത്ത് മുംബൈ: സെറ്റിൽമെന്റിന്റെ പാതകളും സംരംഭകത്വത്തിന്റെ വഴികളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മസ്കത്ത്, മാൻഡ്വി, മുംബൈ എന്നിവക്കിടയിലുള്ള ചരിത്രപരമായ ബന്ധങ്ങളും വ്യാപാര ശൃംഖലകളുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടുന്നതായിരുന്നു പ്രഭാഷണം. ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ഇന്ത്യൻ സമൂഹം, ഇന്ത്യൻ വംശജരായ ഒമാനികൾ, പണ്ഡിതന്മാർ, മറ്റ് അതിഥികൾ എന്നിവർ പങ്കെടുത്തു.
ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനയുടെ ഉദാഹരണമായി ഖിംജി രാംദാസ് കുടുംബത്തിൽനിന്നുള്ളവരും പങ്കജ് ഖിംജി തങ്ങളുടെ കുടുംബത്തിന്റെ ചരിത്രവിവരങ്ങൾ വിശദീകരിച്ചു.ഏഴ് മാസത്തോളം നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പര അടുത്ത ഏപ്രിലിലാണ് അവസാനിക്കുക.
ഇന്ത്യ-ഒമാൻ ചരിത്രബന്ധങ്ങളെക്കുറിച്ച് അക്കാദമിക് വിദഗ്ധർ, ചരിത്രകാരന്മാർ, നരവംശശാസ്ത്രജ്ഞർ തുടങ്ങിയവർ പ്രഭാഷണം നടത്തും. ഒമാൻ നാഷനൽ മ്യൂസിയത്തിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനാണ് പരമ്പര ഉദ്ഘാടനം ചെയ്തത്. ‘മാൻഡ്വി മുതൽ മസ്കത്തുവരെ: ഇന്ത്യൻ കമ്യൂണിറ്റി ആൻഡ് ദ ഷെയർഡ് ഹിസ്റ്ററി ഓഫ് ഇന്ത്യ ആൻഡ് ഒമാൻ’എന്ന തലക്കെട്ടിൽ നാഷനൽ മ്യൂസിയം ഓഫ് ഒമാൻ, ഒമാൻ ഹിസ്റ്റോറിക്കൽ അസോസിയേഷനുമായി സഹകരിച്ചാണ് പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. 18, 19 നൂറ്റാണ്ടുകളിലെ ഇന്ത്യൻ മഹാസമുദ്ര വ്യാപാരം’ എന്ന വിഷയത്തിൽ ഡോ. എം. രേധാ ഭക്കർ ആയിരുന്നു പ്രഭാഷണ പരമ്പരക്ക് തുടക്കമിട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.