മസ്കത്ത് ഇന്ത്യൻ എംബസി യോഗ ദിനാചരണം; പങ്കാളികളായത് 2,000പേർ
text_fieldsമസ്കത്ത്: പത്താം അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി മസ്കത്ത് ഇന്ത്യൻ എംബസി ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ സഹകരണത്തോടെ മെഗാ ആഘോഷം സംഘടിപ്പിച്ചു. മസ്കത്ത് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽനടന്ന പരിപാടിയിൽ ഒമാനിലെ ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ, ഒമാനിലെ റസിഡന്റ് അംബാസഡർമാർ, നയതന്ത്ര സേനാംഗങ്ങൾ, ഒമാനി പൗരന്മാർ, ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ എന്നിവരുൾപ്പെടെ വിവിധ തുറകളിൽനിന്നുള്ള 2,000പേർ പരിപാടിയിൽ പങ്കെടുത്തു. ‘യോഗ സ്വന്തത്തിനും സമൂഹത്തിനും’ എന്ന തലക്കെട്ടിലായിരുന്നു ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തിയിരുന്നത്.
യോഗ വ്യക്തിഗത ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുക മാത്രമല്ല, ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച അംബാസഡർ അമിത് നാരങ് പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ പങ്കാളികൾക്കും യോഗ സംഘടനകൾക്കും സ്പോൺസർമാർക്കും അംബാസഡർ നന്ദി അറിയിക്കുകയും ചെയ്തു.
പത്താം അന്താരാഷ്ട്ര യോഗ ദിനത്തിനു മുന്നോടിയായി എംബസി ‘മർഹബൻ യോഗ: ആരോഗ്യം, ഐക്യം, രോഗശാന്തി’ എന്ന പേരിൽ വിവിധ പരിപാടികൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 30 ലധികം യോഗ പരിപാടികൾ അരങ്ങേറി. കുട്ടികൾ മുതൽ പ്രായമായവർവരെ ഈ പരിപാടികളിൽ പങ്കാളിയായി.
മർഹബൻ യോഗയുടെ സമാപന പരിപാടി സലാലയിലായിരുന്നു നടന്നത്. നിരവധി ഒമാനി പ്രമുഖരുൾപ്പെടെ 300 ലധികം പേർ പങ്കെടുത്തു. ഒമാൻ നാഷനൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ അൽ മൂസാവി വിശിഷ്ടാതിഥിയായും പങ്കെടുത്തു. എംബസിയുടെ ആഭിമുഖ്യത്തിൽനടന്ന 2022ലെ ‘മസ്കത്ത് യോഗ മഹോത്സവ്’, 2023ലെ ‘ഒമാൻ യോഗ യാത്ര’ എന്നിവ യോഗയുടെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നവയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.