മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള: സാംസ്കാരിക പരിപാടികള്‍ക്ക് അവസരം
text_fieldsമസ്കത്ത്: വായനയുടെ നറുമണവുമായെത്തുന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേളയിൽ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കാൻ അവസരം. ഇതിനായി സർക്കാർ, സിവില്‍ സ്ഥാപനങ്ങളിൽനിന്നും അപേക്ഷ ക്ഷണിച്ചു. സാംസ്കാരിക പരിപാടിയുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടെ ജനുവരി 30നുമുമ്പ് അപേക്ഷ സമര്‍പ്പിച്ചാണ് അനുമതി എടുക്കേണ്ടത്.
ഇതിനുശേഷം അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും സംഘാടകര്‍ അറിയിച്ചു. ജനറല്‍ സാംസ്കാരിക പരിപാടികളുടെ വിഭാഗത്തില്‍ രണ്ട് ഇവന്റുകള്‍ക്കാണ് ഒരോ സ്ഥാപനത്തിനും പങ്കെടുക്കാനാവുക. ഇതുകൂടാതെ സംഘാടക സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത സ്ഥലങ്ങളില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാനാവുമെന്നും അധികൃതര്‍ അറിയിച്ചു. പുസ്തക മേളയിൽ പങ്കെടുക്കുന്നതിന് പ്രസാധകരുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന് കഴിഞ്ഞദിവസം സമാപിച്ചിരുന്നു. മേളയുടെ 29ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്.
പുസ്തകമേള ഏപ്രിൽ 23 മുതൽ മേയ് രണ്ടുവരെയാണ് നടക്കുക. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേളയിൽ അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലായി ലക്ഷകണക്കിന് പുസ്തകങ്ങളാണ് ഒരുക്കുക. നാടക പ്രദർശനങ്ങൾ, ശിൽപശാലകൾ, ഭാഷാ കോർണർ, കുട്ടികളുടെ മ്യൂസിയം കോർണർ, ഗ്രീൻ കോർണർ എന്നിവയുൾപ്പെടെ പ്രത്യേക വിഭാഗങ്ങളും ഉണ്ടാകും.
ഒമാനിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രസാധകരും മേളയുടെ ഭാഗമായെത്തും. പുസ്തക മേളയിൽ വടക്കൻ ശർഖിയയാണ് ഇത്തവണത്തെ അതിഥി ഗവർണറേറ്റ്. വടക്കൻ ശർഖിയയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ചരിത്ര സ്ഥലങ്ങൾ, നിക്ഷേപ സാധ്യതകൾ, ടൂറിസം ആകർഷണങ്ങൾ എന്നിവ പ്രദർശിപ്പിക്കാൻ അവസരമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.