മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഇന്ന് സമാപിക്കും; മധ്യകാലഘട്ടത്തിലെ ഒമാന്റെ സാംസ്കാരിക ചരിത്രവുമായി ‘ഖൽ ഹാത്ത്’
text_fieldsമസ്കത്ത്: മധ്യ കാലഘട്ടത്തിലെ ഒമാനിലെ പ്രധാന സാംസ്കാരിക നഗരത്തിലേക്ക് വെളിച്ചം വീശുന്ന ‘ഖൽ ഹാത്ത്’ പുസ്തകം അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. സാംസ്കാരിക പൈതൃക തനിമകൊണ്ട് യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച ഖൽ ഹാത്ത് നഗരത്തെ ആസ്പദമാക്കിയുള്ള പുസ്തകം രചിച്ചത് ആക്സില്ലെ റോങ്കില്ലെയാണ്. പൈതൃക-ടൂറിസം മന്ത്രാലയം പുറത്തിറക്കിയ ചരിത്ര പാരമ്പര്യ പുസ്തക ശ്രേണിയിലെ 11ാമത് വാള്യമാണിത്. തീരദേശ നഗരമായ ഖൽ ഹാത്തിന്റെ സാംസ്കാരിക പെരുമയാണ് ഈ പുസ്തകത്തിൽ എടുത്തുകാണിക്കുന്നത്. ഓക്സ്ഫഡിലെ ഇന്റർനാഷനൽ ഹൗസ് ഓഫ് ആർക്കിയോളജിയുമായി സഹകരിച്ചാണ് പുസ്തകം രചിച്ചത്. പുരാതന ഖൽ ഹാത്തിനെ ഏറെ ഭംഗിയായാണ് പുസ്തകം വിവരിക്കുന്നത്. മധ്യ കാലഘട്ടത്തിലെ ഒമാന്റെ സമ്പന്നമായ സാംസ്കാരിക ചരിത്രം വിശദീകരിക്കുന്നതാണ് പുസ്തകം. തുറമുഖ നഗരമായ ഖൽ ഹാത്തിനെ കുറിച്ചുള്ള പഠനം 2008 മുതലാണ് ആരംഭിക്കുന്നത്. 13 മുതൽ 16വരെ നൂറ്റാണ്ടുകളിൽ ഹോർമുസ് രാജവംശത്തിന്റെ ഇരട്ട തലസ്ഥാനമായിരുന്നു. ഉത്ഖനനത്തിന് ശേഷം നടത്തിയ പ്രതല സർവേയിൽ നഗരത്തിന്റെ പ്ലാനും കാലപ്പഴക്കവും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ വിവിധ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളുമുണ്ടായിരുന്നു. ഇവിടെയുള്ള ഏറ്റവും വലിയ മസ്ജിദ് നിർമിച്ച ബീബി മറിയമും പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങളാണ്. എഡി 1300ലാണ് മസ്ജിദ് നിർമിച്ചത്. മറ്റ് നിരവധി മതകാര്യങ്ങൾക്കുള്ള കെട്ടിടങ്ങളും ഇവിടെ ഉണ്ടായിരുന്നു.
അക്കാലത്ത് നിർമിച്ച നഗരത്തിനു ചുറ്റുമുള്ള മതിലുകളും ജല വിതരണ സമ്പ്രദായങ്ങളും പഠനത്തിൽ കണ്ടെത്തിയിരുന്നു. കരകൗശല വിദ്യകളും സാമ്പത്തിക പ്രവർത്തനങ്ങളും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളും, താമസിക്കുന്നവരുടെ ജീവിത രീതിയും ഈ പുരാതന നഗരത്തിന്റെ പ്രൗഢിയും പ്രതാപവും വിളിച്ചോതുന്നതാണ്. 2018ൽ പൈതൃക പട്ടികയിൽ ഇടം പിടിച്ച ഈ പുസ്തകം അന്താരാഷ്ട്ര പുസ്തക മേളയിലെ ഹെറിറ്റേജ് വിനോദ സഞ്ചാര മന്ത്രാലയം സ്റ്റാളിൽ ലഭ്യമാണ്. അതേസമയം, മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 28ാമത് പതിപ്പിന് ശനിയാഴ്ച തിരശ്ശീല വീഴും. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേളയിൽ കഴിഞ്ഞ 11 ദിവസങ്ങളിൽ ആയിരക്കണക്കിന് വായനപ്രേമികളാണ് എത്തിയത്. മേളയിൽ 34 രാജ്യങ്ങളിൽനിന്നായി 847 പ്രസാധക സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. ദാഹിറയായിരുന്നു ഈ വർഷത്തെ അതിഥി ഗവർണറേറ്റ്. ദാഹിറയുടെ ബൗദ്ധിക സാംസ്കാരിക ചരിത്രം പ്രദർശിപ്പിക്കുന്നതിന് ഒരുക്കിയ പ്രത്യേക പവിലിയനും പരിപാടികളും നിരവധി സന്ദർശകരെ ആകർഷിക്കുന്നതായിരുന്നു. 6,22,000 തലക്കെട്ടുകളിലായി അറബിയിൽ 2,68,000 ഉം വിദേശ ഭാഷയിൽ 20,000 പുസ്തകങ്ങളുമാണ് വായനക്കാർക്കായി സജ്ജീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.