മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള നാളെ സമാപിക്കും
text_fieldsമസ്കത്ത്: ഡിജിറ്റൽ കാലത്തും അച്ചടിപ്പുസ്തകങ്ങളെ കൈവിടാതെ വായന പ്രേമികൾ. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ജനപങ്കാളിത്തം ഇതിന് സാക്ഷി. കോവിഡ് പശ്ചാത്തലത്തിൽ ദിനേനയുള്ള സന്ദർശകരുടെ എണ്ണം 50,000 ആക്കി അധികൃതർ പരിമിതിപ്പെടുത്തിയിട്ടുണ്ട്.
ലോക ക്ലാസിക്കുകൾ, നോവലുകൾ, ബാലസാഹിത്യങ്ങൾ, ശാസ്ത്രം തുടങ്ങി എല്ലാവിധ വിഷയങ്ങളും അന്വേഷിച്ച് വായനക്കാർ എത്തുന്നുണ്ട്. കുട്ടികളുടെയും യുവാക്കളുടെയുമൊക്കെ സാന്നിധ്യം അക്ഷരക്കൂട്ടുകളിൽനിന്ന് പുതുതലമുറ അകന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണെന്ന് സംഘാടകർ പറയുന്നു. മലയാള പുസ്തകങ്ങൾ മിക്കവയും വിറ്റു തീർന്നെന്ന് അൽ ബാജ് ബുക്സ് മാനേജിങ് ഡയറക്ടർ പി.എം. ഷൗക്കത്തലി പറഞ്ഞു. ബെസ്റ്റ് സെല്ലറുകൾക്കൊപ്പം ക്ലാസിക് പുസ്തകങ്ങളുമായിരുന്നു ഇപ്രാവശ്യം കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ എം. ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകവും വായനക്കാർ കൂടുതൽ ചോദിച്ചെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. റമീസ് അഹമ്മദിന്റെ 'സുൽത്താൻ വാരിയൻ കുന്നൻ' ജേക്കബ് തോമസിെൻറ 'രാജാവ് നഗ്നനാണ്', നമ്പി നാരായണന്റെ ഓർമകളുടെ ഭ്രമണപഥം', ലാൽ ജോസിന്റെ 'കന്യ- മറിയ', അജയ് പി. മങ്ങാടിന്റെ' മൂന്ന് കല്ലുകൾ', വി. ഷിനിലാലിന്റെ 'അടി', പ്രേം കുമാറിന്റെ 'ദൈവത്തിന്റെ അവകാശികൾ', മായാ കിരണിന്റെ 'ദ ബ്രെയിൻ ഗെയിം', ഇ. സന്തോഷ് കുമാറിന്റെ 'തങ്കച്ചൻ മഞ്ഞക്കാരൻ', അൻവർ അബ്ദുല്ലയുടെ 'കോമ', കെ.ആർ. മീരയുടെ 'ഘാതകൻ', പവിത്രൻ തീക്കുനിയുടെ 'ചില്ലക്ഷരങ്ങളുടെ നീയും ഞാനും' തുടങ്ങിയ അടുത്തിടെ പുറത്തിറങ്ങിയ പുസ്തകങ്ങളും മേളയിലൂടെ മലയാള വായനക്കാരുടെ കൈയിലെത്തി.
കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളിലാണ് മേള നടക്കുന്നത്. വായനകാർക്ക് മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളും ഓരോ പവിലിയനിലും ലഭ്യമാണ്. മേള അഞ്ചിന് അവസാനിക്കാനിരിക്കെ വരും ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. മേളയുടെ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടികൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗവർണറേറ്റുകളുടെ വികസനം, രാജ്യത്തെ പൈതൃകങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചർച്ചകളും സംവാദങ്ങളുമാണ് വിവിധ വേദികളിൽ നടക്കുന്നത്. വിദഗ്ധരടങ്ങുന്ന പാനലുകളാണ് ഇത്തരം പരിപാടികളിൽ എത്തുന്നത്. അതുകൊണ്ടുതന്നെ അതത് വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവ് പ്രേക്ഷകന് ലഭ്യമാകുകയും ചെയ്യുന്നുണ്ട്.
നിരവധി പുതിയ പുസ്തകങ്ങളുടെ പ്രകാശനവും മേളയിൽ നടന്നു. 27 രാഷ്ട്രങ്ങളില്നിന്നുള്ള 715 പ്രസാധകരാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. 2020ൽ 946 പ്രസാധകരായിരുന്നു പങ്കെടുത്തിരുന്നത്. ഫെബ്രുവരി 24ന് സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് ആണ് മേള ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.