വായനവസന്തത്തിന് തിരിതെളിഞ്ഞു; മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം
text_fieldsമസ്കത്ത്: വായനയുടെ വസന്തം വിരിയിച്ച് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 28ാമത് പതിപ്പിന് ഉജ്ജ്വല തുടക്കം. ഇനിയുള്ള പത്ത്നാളുകൾ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ അക്ഷരപ്രേമികളെക്കൊണ്ട് നിറയും. രാവിലെ പത്ത് മുതൽ രാത്രി പത്തുവരെയായിരിക്കും പ്രവേശനം. വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് ഒരുമണിവരെ സ്കൂൾ വിദ്യാർഥികൾക്കായിരിക്കും മുൻഗണന.
എൻഡോവ്മെൻറ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മമാരിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. മാർച്ച് രണ്ടുവരെ നടക്കുന്ന മേളയിൽ 34 രാജ്യങ്ങളിൽനിന്നായി 847 പ്രസാധക സ്ഥാപനങ്ങൾ ആണ് പങ്കെടുക്കുന്നത്. ദാഹിറയാണ് ഈ വർഷത്തെ അതിഥി ഗവർണറേറ്റ്. ദാഹിറയുടെ ബൗദ്ധിക സാംസ്കാരിക ചരിത്രം പ്രദർശിപ്പിക്കുന്നതിന് പ്രത്യേക പവിലിയനും പരിപാടികളും വരുംദിവസങ്ങളിൽ അരങ്ങേറും.
മേളയിലെത്തുന്ന സന്ദർശകരെ വഴി കാട്ടാനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റോബോട്ടുകളും ത്രീഡി മാപ്പും ഒരുക്കിയിട്ടുണ്ട്. ഇത് പവിലിയനിൽ എത്തുന്നവർക്ക് ഏറെ ഉപകാരപ്രദമാണ്. സാംസ്കാരിക പരിപാടികളും പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. 6,22,000 തലക്കെട്ടുകളിലായി അറബിയിൽ 2,68,000, വിദേശ ഭാഷയിൽ 20,000 പുസ്തകങ്ങളും ആണ് വായനക്കാർക്കായി സജ്ജീകരിച്ചിട്ടുള്ളത്.
നാടക പ്രദർശനങ്ങൾ, ശിൽപശാലകൾ, ഭാഷാ കോർണർ, കുട്ടികളുടെ മ്യൂസിയം കോർണർ, ഗ്രീൻ കോർണർ എന്നിവയുൾപ്പെടെ പ്രത്യേക വിഭാഗങ്ങളും സന്ദർകരെ ആകർഷിക്കുന്നതാണ്. ’സംസ്കാരത്തിലും പുസ്തക പ്രസിദ്ധീകരണത്തിലും നിർമിത ബുദ്ധിയുടെ (എ.ഐ) സ്വാധീനം’ എന്നതാണ് മേളയുടെ പ്രതിപാദ്യ വിഷയം. വിവിധ പരിപാടികളുമായി ഫലസ്തീനും മേളയുടെ ഭാഗമായുണ്ട്.
മലയാള പുസ്തകങ്ങളുമായി ഇത്തവണയും അൽബാജ് ബുക്സ് മേളയുടെ ഭാഗമായുണ്ട്. ഹാൾ ഒന്നിൽ J5, J6 ആണ് തങ്ങളുടെ സ്റ്റാളുകളെന്ന് അൽബാജ് മാനേജിങ് ഡയറക്ടർ ഷൗക്കത്തലി പറഞ്ഞു. മലയാളത്തിലെ പഴയതും പുതിയതുമായ തലമുറയിലെ എല്ലാ വിഭാഗത്തിലുംപെട്ട പ്രമുഖ എഴുത്തുകാരുടെയും പുസ്തകങ്ങൾ സ്റ്റാളുകളിൽ ലഭ്യമാണ്.
പുതുതായി പുറത്തിറങ്ങിയ അഖിൽ പി. ധർമജന്റെ റാം c/o ആനന്ദ്, മുഹമ്മദ് അബ്ബാസിന്റെ വിശപ്പ്, പ്രണയം, ഉന്മാദം, വിഷ്ണു പി.കെയുടെ ടു ജാനേമൻ, നിമ്ന വിജയിന്റെ ഏറ്റവും പ്രിയപ്പെട്ട എന്നോട് തുടങ്ങിയ പുതിയ പുസ്തകങ്ങളും, ആട് ജീവിതം, ഒരു സങ്കീർത്തനംപോലെ, മഞ്ഞവെയിൽ മരണങ്ങൾ, നിന്ന് കത്തുന്ന കടലുകൾ, അഗ്നിച്ചിറകുകൾ, പത്മരാജന്റെ കഥകൾ സമ്പൂർണം, ദൈവത്തിന്റെ ചാരന്മാർ, ഖസാക്കിന്റെ ഇതിഹാസം, നീർമാതളം പൂത്ത കാലം തുടങ്ങിയ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ കൂടുതൽ കോപ്പികൾ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട എഴൂത്തുകാരായ വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, മാധവിക്കുട്ടി, തകഴി, ഒ.വി. വിജയൻ എന്നിവരുടെ പുസ്തകങ്ങളും മേളയിൽ വായനക്കാർക്കായി ലഭ്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.