മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഇന്ന് സമാപിക്കും
text_fieldsമസ്കത്ത്: ഡിജിറ്റൽ കാലത്തും അച്ചടി പുസ്തകങ്ങളെ കൈവിടാതെ വായന പ്രേമികൾ. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ജനപങ്കാളിത്തം ഇതിന് വലിയ തെളിവാണ്. ദിനംപ്രതി അമ്പതിനായിരത്തിന് മുകളിലാണ് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തേടി ഇവിടെ വായനക്കാർ എത്തുന്നത്. ലോക ക്ലാസിക്കുകൾ, നോവലുകൾ, ബാലസാഹിത്യങ്ങൾ, ശാസ്ത്രം തുടങ്ങി എല്ലാ വിധ വിഷയങ്ങളും അന്വേഷിച്ച് വായനക്കാർ മേളയിൽ എത്തുന്നുണ്ട്.
കുട്ടികളുടെയും യുവാക്കളുടെയും സാന്നിധ്യം അക്ഷരക്കൂട്ടുകളിൽനിന്ന് പുതുതലമുറ അകന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണെന്ന് സംഘാടകർ പറയുന്നു. മലയാള പുസ്തകങ്ങൾ മിക്കവയും വിറ്റു തീർന്നെന്ന് അൽബാജ് ബുക്സ് മാനേജിങ് ഡയറക്ടർ പി.എം. ഷൗക്കത്തലി പറഞ്ഞു. ബെസ്റ്റ് സെല്ലറുകൾകൾക്കൊപ്പം ക്ലാസിക് പുസ്തകങ്ങൾ, വിവർത്തനങ്ങൾ, പ്രചോദനാത്മക പുസ്തകങ്ങൾ എന്നിവക്കായിരുന്നു ഇപ്രാവശ്യം കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്. പുതുതലമുറയിലെയും പഴയ എഴുത്തുകാരുടെയും പുസ്തകങ്ങൾ ഒരുപോലെ വായനക്കാർ ചോദിച്ചെത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബഷീർ, എം.ടി, തകഴി എന്നിവരുടെ കൃതികളും രാജേഷ് ബി.സിയുടെ ‘നദി മുങ്ങി മരിച്ച നഗരം’, സന്ധ്യ എൻ.പിയുടെ ‘ചേതി’, ഷെമിയുടെ ‘കള്ളപ്പാട്ട’, ജിസ ജോസിന്റെ ‘മുക്തിബാഹിനി’ തുടങ്ങിയ അടുത്തിടെ പുറത്തിറങ്ങിയ പുസ്തകങ്ങളും മേളയിലൂടെ മലയാള വായനക്കാരുടെ കൈയിലെത്തി.
വായനക്കാർക്ക് മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളും ഓരോ പവിലിയനിലും ലഭ്യമാണ്. സമാപനദിവസമായ ഇന്ന് കൂടുതൽ ആളുകൾ നഗരിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. പുസ്തകമേളയുടെ ഭാഗമായി നടക്കുന്ന സാമൂഹിക-സാംസ്കാരിക പരിപാടികൾക്കും മികച്ച പ്രതികരമാണ് ലഭിക്കുന്നത്. വിദഗ്ധരടങ്ങുന്ന പാനലുകളാണ് ഇത്തരം പരിപാടികൾക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ അതത് വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവ് പ്രേക്ഷകന് ലഭ്യമാകുകയും ചെയ്യുന്നുണ്ട്. നിരവധി പുതിയ പുസ്തകങ്ങളുടെ പ്രകാശനവും മേളയിൽ നടന്നു. 32 രാജ്യങ്ങളിൽനിന്നായി 826 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്.
1194 പവിലിയനുകളായി 5900 ആധുനിക പ്രസിദ്ധീകരണങ്ങളും 2,04,411 വിദേശ പുസ്തകങ്ങളും 2,60,614 അറബിക് പുസ്തകങ്ങളുമാണ് സജ്ജീകരിച്ചത്. തത്സമയ സന്ദർശകരുടെ എണ്ണം, അവരുടെ പ്രായം, വിഭാഗങ്ങൾ എന്നിവ അറിയാനും എക്സിബിഷനുമായി ബന്ധപ്പെട്ട എല്ലാ ഡേറ്റയും ശേഖരിക്കാനും വിശകലനം ചെയ്യാനും സഹായിക്കുന്നതിന് ഇത്തവണ കൃത്രിമബുദ്ധിയും ഉപയോഗിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയാണ് മേള ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.