മസ്കത്ത് അന്താരാഷ്ട്ര ജ്വല്ലറി എക്സിബിഷൻ നാളെ മുതൽ
text_fieldsമസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര ജ്വല്ലറി എക്സിബിഷൻ 12ാമത് പതിപ്പ് ഡിസംബർ അഞ്ച് മുതൽ ഒമ്പതുവരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ) വേഗ ഇന്റർ ട്രേഡ് എക്സിബിഷനുകളുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ, പ്രാദേശിക, അന്തർദേശീയ മേഖലകളിൽനിന്നുള്ള വൈവിധ്യമാർന്ന പ്രദർശകർ പങ്കെടുക്കും. അതിശയകരമായ ആഭരണങ്ങൾ, രത്നങ്ങൾ, മുത്തുകൾ, സ്വർണാഭരണങ്ങൾ, വജ്രങ്ങളുടെ ആകർഷകമായ നിര, ഫാഷൻ ഇനങ്ങൾ, മറ്റ് വിവിധ ആഡംബര ഉൽപന്നങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും. ഉച്ചക്ക് 12 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം. കൂടുതൽ വിവരങ്ങൾ https://www.events.ocec.om/mujex അല്ലെങ്കിൽ https://ocec എന്നതിൽ ലഭ്യമാണ്.
അഞ്ച് ദിവസത്തെ എക്സിബിഷനിൽ 10 രാജ്യങ്ങളിൽ നിന്നുള്ള 45 പ്രദർശകർ സംബന്ധിക്കും. ഭാസ്കർ ദേവ്ജി ജ്വല്ലറി, ക്രീഡി ജ്വല്ലറി ബ്ലൂ ഡയമണ്ട്, ഡെമാന്റോ ജ്വല്ലറി തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ തങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണശേഖരങ്ങൾ പ്രദർശിപ്പിക്കും. പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച ആഭരണങ്ങൾ കാണാനും വാങ്ങാനുമുള്ള മികച്ച അവസരമായിരിക്കും അഞ്ച് ദിവസത്തെ പ്രദർശനമെന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ ചീഫ് എക്സി. ഓഫിസർ സഈദ് അൽ ഷൻഫാരി പറഞ്ഞു.
പുതിയ ട്രെൻഡുകൾ സൃഷ്ടിക്കുന്ന ഡിസൈനർമാർ, ഇന്നൊവേറ്റർമാർ, ഇൻഫ്ലുവൻസർമാർ, ബ്രാൻഡ് പ്രതിനിധികൾ എന്നിവരുമായി സന്ദർശകർക്ക് ബന്ധപ്പെടാനും പരിപാടി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉൽപാദകർക്ക് ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും പരിപാടി ഉപഭോക്താക്കൾക്ക് സഹായകമാകുമെന്ന് ‘വേഗ‘ ഇന്റർ ട്രേഡ് ആൻഡ് എക്സിബിഷൻസ് എൽ.എൽ.സിയുടെ മാനേജിങ് ഡയറക്ടർ അകാവൂട്ട് ടാങ്സിഹ്കുസൺവോങ് (ടോണി) പറഞ്ഞു. പ്രാദേശിക വിപണിയിൽ അവരുടെ ബ്രാൻഡിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും നെറ്റ്വർക്കുകൾ വിപുലീകരിക്കാനും സാധിക്കുമെന്നും ചൂണ്ടിക്കാണിച്ചു.
ഈ വർഷത്തെ ജ്വല്ലറി എക്സിബിഷൻ ഒമാൻ അഗ്രോ ഫുഡ് 2023, ദി നാഷനൽ ഒളിമ്പ്യാഡ് ഫോർ സ്റ്റുഡന്റ് സയന്റിഫിക് ഇന്നൊവേഷൻസ് തുടങ്ങിയ പരിപാടികൾക്കൊപ്പമാണെത്തുന്നതെന്ന് ശ്രദ്ധേയമാണെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.