മാനവികതയുടെ മഹോത്സവത്തിന് മസ്കത്തൊരുങ്ങുന്നു
text_fieldsമസ്കത്ത്: ഒത്തൊരുമയുടെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ പകർന്ന് വിശ്വമാനവികതയുടെ ഉത്സവവുമായി പ്രവാസി മലയാളികളുടെ കണ്ണാടിയായ ഗൾഫ് മാധ്യമം വീണ്ടും വരുന്നു.
അതിരുകളില്ലാത്ത സ്നേഹത്തിന്റെയും ഒരുമയുടെയും ആഘോഷമായ ‘ഹാർമോണിയസ് കേരള’യുടെ അഞ്ചാം പതിപ്പ് ഇത്തവണ ഒമാനിന്റെ മണ്ണിലേക്കെത്തുന്നത് കൂടുതൽ പുതുമയോടെയാണ്.
ഐക്യ ബോധത്തിന്റെ ആരവമുയർത്തി നവംബർ എട്ടിന് മസ്കത്ത് ഖുറം സിറ്റി ആംഫി തിയറ്ററിൽ നടക്കുന്ന സംഗീത-കലാവിരുന്ന് മാനവികതയുടെ മഹോത്സവമായി മാറും. ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി എന്നും നിലകൊള്ളുന്ന ഒമാനിലേക്ക് ഇന്ത്യയുടെ സാഹോദര്യ സന്ദേശവുമായി ഹാർമോണിയസ് കേരള വീണ്ടുമെത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറ്റബന്ധത്തിന്റെയും അടയാളപ്പെടുത്തലാകും.
മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലാകുന്ന പരിപാടിക്ക് ആവേശം പകർന്ന് മലയാള മണ്ണിലെ എണ്ണം പറഞ്ഞ കലാകാരന്മാർ അരങ്ങിലണിനിരക്കും. ‘ഹാർമോണിയസ് കേരള’ക്ക് മുന്നോടിയായി വിവിധ സാമൂഹിക, സംസ്കാരിക പരിപാടികളും റോഡ് ഷോയും നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഗൾഫ് മാധ്യമം രജതജൂബിലി ആഘോഷ നിറവിലാണ് ഹാർമോണിയസ് കേരള അഞ്ചിന്റെ മൊഞ്ചുമായി ഇത്തവണ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. രജതജൂബിലിയുടെ ഒമാൻതല ആഘോഷങ്ങൾക്ക്കൂടി തുടക്കമാകുകയാണ് ഹാർമോണിയസ് കേരളയിലൂടെ. ഒരുവർഷം നീളുന്ന വിവിധങ്ങളായ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. കടൽ കടന്നെത്തിയ മലയാളത്തിന്റെ അക്ഷരവെളിച്ചത്തെ നെഞ്ചോുചേർത്ത പ്രവാസലോകത്തിനുള്ള ആദരവുകൂടിയാകും ഈ പരിപാടികൾ.
ഇന്ത്യയുടെ സാംസ്കാരിക, കലാ വൈവിധ്യങ്ങളെ ലോക സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസി യുവതയെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഫുട്ബാൾ കാർണിവൽ, വീട്ടമ്മമാർക്ക് രുചിവൈവിധ്യങ്ങളുടെ ആഘോഷമായി കേക്ക് അലങ്കാര മത്സരം, ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് തുടങ്ങിയ പരിപാടികൾ അണിയറയിൽ ഒരുങ്ങിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇതിന് പുറമെ വിവിധ സാംസ്കാരിക സംഗമങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, സംവാദ പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും. 1999ൽ ഇന്ത്യക്ക് പുറത്തുനിന്ന് ആദ്യ എഡിഷനായി പുറത്തിറങ്ങിയ മലയാള പത്രമാണ് ഗൾഫ് മാധ്യമം. മലയാള മാധ്യമചരിത്രത്തിൽ നൂതന അധ്യായം രചിച്ച് ഗൾഫ് മാധ്യമം പിറന്നത് ബഹ്റൈനിലായിരുന്നു.
ഇന്ന് ഒമാനടക്കമുള്ള ജി.സി.സി രാജ്യങ്ങളിലാകമാനം വ്യാപിച്ച് സമാനതകളില്ലാത്ത നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. 25 വർഷങ്ങൾ പിന്നിടുമ്പോൾ നവമാധ്യമങ്ങളിലും ഡിജിറ്റൽ മേഖലയിലും ശക്തമായ സാന്നിധ്യമായി ഗൾഫ് മാധ്യമം ബഹുദൂരം മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.