വിമാനം വൈകൽ തുടർക്കഥ; മസ്കത്ത്-കൊച്ചി വിമാനം പുറപ്പെട്ടത് നാലു മണിക്കൂർ താമസിച്ച്
text_fieldsമസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് തുടർക്കഥയാവുന്നു. വെള്ളിയാഴ്ച രാവിലെ 11.20ന് മസ്കത്തിൽനിന്ന് പുറപ്പെടേണ്ട വിമാനം നാലു മണിക്കൂർ വൈകി വൈകീട്ട് 3.50 നാണ് പുറപ്പെട്ടത്. ഇതുകാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. ഇവരിൽ പലരും രാവിലെ ഒമ്പതുമണിക്ക് മുമ്പ് വിമാനത്താവളത്തിൽ എത്തിയവരാണ്.
വിമാനം വൈകുന്നത് നേരത്തേ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. വിമാനത്തിൽ കയറാൻ ഒമാന്റെ ദൂരെ ഭാഗത്തുനിന്ന് വന്നവരാണ് ഏറെ പ്രയാസം അനുഭവിച്ചതെന്ന് യാത്രക്കാരനായ കോട്ടയം സ്വദേശി ഷിബു പറഞ്ഞു.
വിമാനം അനിശ്ചിതമായി വൈകിയതോടെ നാട്ടിൽനിന്ന് തന്നെ വിളിക്കാൻ കൊച്ചിയിലെ വിമാനത്താവളത്തിലെത്തിയ വാഹനം അധികം കാത്തിരിക്കാൻ പറ്റാത്തതിനാൽ തിരിച്ചുപോയതായും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയുടെ വിമാനം വൈകൽ തുടർക്കഥയായതോടെ ഇതിന് വാർത്താ പ്രാധാന്യം പോലും ഇല്ലാതായിരിക്കുന്നു. ഇതൊരു സാധാരണ സംഭവമാണെന്ന രീതിയിലാണ് യാത്രക്കാരിൽ പലരും.
അടുത്തിടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ തുടർച്ചയായി വൈകുന്നത്. വൈകൽ തുടർക്കഥയായതോടെ അത്യാവശ്യ കാര്യത്തിനും മറ്റും നാട്ടിൽ പോകുന്നവർ മറ്റു വിമാന കമ്പനികളിൽ ടിക്കറ്റെടുക്കുകയാണ്.
കഴിഞ്ഞയാഴ്ച കോഴിക്കോട്ടുനിന്ന് മസ്കത്തിലേക്ക് പുറപ്പെടേണ്ട വിമാനം പിറ്റേ ദിവസമാണ് പുറപ്പെട്ടത്. വിമാനത്താവളത്തിൽ എത്തിയശേഷമാണ് വിമാനം വൈകുന്നതറിയുന്നത്. അർധരാത്രി പുറപ്പെടേണ്ട വിമാനം ആയതിനാൽ യാത്രക്കാർ ലോഡ്ജുകളിൽ തങ്ങുകയായിരുന്നു. ഇതുകാരണം പലർക്കും സമയത്തിന് ജോലിക്ക് ഹാജറാവാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല സുഹൃത്തുക്കൾക്കും കൂടെ താമസിക്കുന്നവർക്കും നൽകാൻ വീട്ടിൽനിന്ന് പാകം ചെയ്ത് കൊണ്ടുവന്ന ഭക്ഷ്യ വസ്തുക്കൾ കേടുവരുകയും ചെയ്തു. എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നതിനെതിരെ നടപടികൾ ആവശ്യമാണെന്ന് പ്രവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.