മസ്കത്ത് മെട്രോ; പദ്ധതി പഠിക്കാൻ പ്രത്യേക സംഘം രൂപവത്കരിച്ചു -ഗതാഗത മന്ത്രി
text_fieldsമസ്കത്ത്: മസ്കത്ത് മെട്രോ പദ്ധതി പഠിക്കാൻ പ്രത്യേക സംഘം രൂപവത്കരിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതികമന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലി പറഞ്ഞു. മജ്ലിസ് ശൂറ കൗൺസിലിന്റെ ഒമ്പതാം ടേമിന്റെ നാലാമത്തെ വാർഷിക സിറ്റിങ്ങിന്റെ 12ാമത് റെഗുലർ സെഷനിൽ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മസ്കത്ത്-സലാല റൂട്ടിൽ വിമാനനിരക്ക് കുറക്കാൻ എയർലൈനുകളുമായി മന്ത്രാലയം ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.
ഗതാഗത, അടിസ്ഥാന സൗകര്യ മേഖലകളിലെ മന്ത്രാലയത്തിന്റെ നയങ്ങളും പദ്ധതികളും പരിപാടികളും അദ്ദേഹം ശൂറ അംഗങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു. ഈ വർഷത്തെ വികസന ബജറ്റിനെക്കുറിച്ചും വാർത്താവിനിമയ, വിവരസാങ്കേതിക മേഖലയുടെ തന്ത്രപരമായ നിർദേശങ്ങളെക്കുറിച്ചും മന്ത്രി ചർച്ച ചെയ്തു. റുസൈൽ-ബിദ്ബിദ് റോഡ് വിപുലീകരണ പദ്ധതി കഴിഞ്ഞവർഷം 60 ശതമാനം പൂർത്തിയായി. 2024ന്റെ ആദ്യ പാദത്തിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കരാറുകാരന്റെ ലൈസൻസ് ലഭിക്കാത്തതാണ് പദ്ധതി വൈകാൻ കാരണം. കൂടാതെ, പകർച്ചവ്യാധി സമയത്ത് വൈകുന്നേരങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് കരാറുകാരനെ വിലക്കിയിരുന്നു. ഈ കാരണത്താൽ പ്രവർത്തനം മന്ദഗതിയിലായി. ജൂണിലോ ജൂലൈയിലോ 19 കി.മീ. പാത പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ഒരുവർഷത്തിനുള്ളിൽ, 450 പൗരന്മാർ ടെലികമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ ജോലിചെയ്തു. ഒമാൻ എയറിന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച തന്ത്രമാണ് മന്ത്രാലയം തേടുന്നത്. സുൽത്താനേറ്റിന്റെ തുറമുഖങ്ങളിൽനിന്നുള്ള നേരിട്ടുള്ള ഇറക്കുമതി കഴിഞ്ഞ വർഷം ഏഴ് ശതമാനം വർധിച്ചു. സൗദി അറേബ്യയുമായുള്ള റെയിൽവേ ബന്ധത്തിനായി ചില പ്രാഥമിക പഠനം നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.