ഉപയോഗിച്ച ടയറുകൾ കൂട്ടിയിട്ടാൽ 100 റിയാൽ പിഴ
text_fieldsമസ്കത്ത്: ഉപയോഗിച്ച ടയറുകളും മറ്റും കടകൾക്ക് മുന്നിലോ മറ്റോ കൂട്ടിയിടരുതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കൊതുകുകളുടെയും പ്രാണികളുടെയും വ്യാപനം പരിമിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് നിർദേശം നൽകിയിരിക്കുന്നത്. ഉപയോഗിച്ചതും കേടായതുമായ ടയറുകൾ ശരിയായി നീക്കം ചെയ്യണമെന്നും അവ സൂക്ഷിക്കുകയോ ശേഖരിക്കുകയോ പൊതുസ്ഥലങ്ങളിൽ തള്ളുകയോ ചെയ്യരുതെന്നുമാണ് നിർദേശം. നിയമം ലംഘിക്കുന്നവർക്കെതിരെ 100 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഏറ്റവും കൂടുതൽ ടയറുകൾ കേടുവരുന്നതും വിൽക്കപ്പെടുന്നതും വേനൽ കാലത്താണ്. ടയറുകൾ മാറ്റുമ്പോൾ പഴയ ടയറുകൾ അതേ സ്ഥലത്തുതന്നെയാണ് ഉപേക്ഷിക്കുന്നത്. ഇവ ശരിയായ രീതിയിൽ ഉപേക്ഷിക്കാത്തത് ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
ഇത്തരം മേഖലകളിൽ എലികളും മറ്റും പ്രാണികളും വർധിക്കാൻ ഇടയാകും. ചിലർ ടയറുകൾ കത്തിക്കുകയും ചെയ്യാറുണ്ട്. ഇത് അന്തരീക്ഷ മലിനീകരണം അടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കും. മസ്കത്ത് മുനിസിപ്പാലിറ്റി ഈ വിഷയത്തിൽ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. വൃത്തി നിലനിർത്തുക, മാലിന്യങ്ങൾ ശരിയായ രീതിയിൽ കളയുക തുടങ്ങിയവയുടെ ഉത്തരവാദിത്തം കെട്ടിട ഉടമകൾക്കാണ്. ടയറുകളുടെ അറ്റകുറ്റപ്പണി നടത്തുന്നവർ, വർക് ഷോപ്പുകൾ, തുണി അലക്കൽ സ്ഥാപനങ്ങൾ എന്നിവയിലെ ഓയിലുകളും മലിനവസ്തുക്കളും നിലത്ത് ഒഴിക്കരുതെന്നും നിബന്ധനയുണ്ട്. ഇത്തരം മലിനവസ്തുക്കൾ നിശ്ചയിച്ച ഭാഗങ്ങളിൽ കൊണ്ടുപോയി നിക്ഷേപിക്കേണ്ടതാണ്.
എന്നാൽ, കേടുവന്ന ടയറുകൾ വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നത്. ഇവ ശരിയായ രീതിയിൽ കളയുന്നതിന് നടപടികൾ ആവശ്യമാണ്. കാർ ടയറുകളുടെ പുനഃചംക്രമണ പരിപാടി നല്ല മാർഗമായി വിദഗ്ധർ പറയുന്നു. ഇതിലൂടെ ഇന്ധന എണ്ണ, നിലം, കളിസ്ഥലം എന്നിവക്കുപയോഗിക്കുന്ന ടൈലുകൾ തുടങ്ങിയവ നിർമിക്കാൻ കഴിയും. ഇത് കമ്പനികൾക്കും മറ്റും പുതിയ അവസരങ്ങൾ സൃഷ്ടിക്കും. ഒരു വർഷം ലോകത്ത് ഒരു ശതകോടി ടയറുകളാണ് ഉപയോഗിക്കുന്നത്. ഇവയിൽ 60 ശതമാനവും ഫാക്ടറികളിൽ ഇന്ധനമായി കത്തിക്കുകയും തുറന്ന സ്ഥലങ്ങളിലും വെള്ളക്കെട്ടുകളിലും മറ്റും നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഇത് പരിസ്ഥിതിക്കും ആരോഗ്യത്തിന് വൻ പ്രശ്നമാണുണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.