തെരുവുമൃഗങ്ങൾക്ക് പുനരധിവാസം; ‘രിഫ്ഖ്’ പദ്ധതി
text_fieldsമസ്കത്ത്: നഗരങ്ങളിൽ അലഞ്ഞു തിരിയുന്ന മൃഗങ്ങളെ പുനരധിവസിക്കുന്നതിനും പൊതുജന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പദ്ധതിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. അലഞ്ഞു തിരിയുന്ന മൃഗങ്ങൾക്ക് മികച്ച സംരക്ഷണം നൽകുന്ന പദ്ധതിക്ക് ‘രിഫ്ഖ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മൃഗങ്ങളുടെ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര പരിപാടികളാണ് മുനിസിപ്പാലിറ്റി നടത്താനുദ്ദേശിക്കുന്നത്.
രാജ്യത്തിന്റെ ജൈവവൈവിധ്യവും പൊതുജന ആരോഗ്യവും സംരക്ഷിക്കുകയും പദ്ധതിയുടെ ഭാഗമാണ്. അഴിച്ചുവിട്ടിരിക്കുന്ന പൂച്ച, നായ്, മറ്റു മൃഗങ്ങൾ എന്നിവയുടെ പുനരധിവാസമാണ് ‘രിഫ്ഖ്’ സേവനം ഉപയോഗപ്പെടുത്തുക. അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതും പദ്ധതിയിലൂടെയാണ്.
അലഞ്ഞു നടക്കുന്ന മൃഗങ്ങൾ മൂലം ഉടലെടുക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുകയും പൊതുജനസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. ദീർഘ കാലാടിസ്ഥാനത്തിൽ മൃഗങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കുകയും പരിസ്ഥിതിയുടെ സന്തുലിതത സംരക്ഷിക്കുകയും മറ്റൊരു ലക്ഷ്യമാണ്. പൊതുജനങ്ങൾക്ക് അലഞ്ഞു തിരിയുന്ന മൃഗങ്ങളെപ്പറ്റി അധികൃതരെ അറിയിക്കാനും ബന്ധപ്പെട്ട സ്ഥലത്തേക്ക് ഇത്തരം മൃഗങ്ങളെ മാറ്റുവാനും പദ്ധതി സഹായകമാവും.
മൃഗങ്ങളെക്കുറിച്ച് കാര്യക്ഷമമായ രീതിയിൽ ബോധവത്ക്കരണവും നടക്കും. മൃഗങ്ങളുടെ പ്രത്യുൽപാദനശേഷി കുറക്കുന്നതിലൂടെ ഇവയുടെ പെറ്റുപെരുകൽ കുറക്കാനും പദ്ധതി സഹായകമാവും. മൃഗങ്ങളിൽനിന്ന് പകരുന്ന രോഗങ്ങൾ തടയാൻ വാക്സിനേഷനും മൃഗ സംരക്ഷണവും പദ്ധതിയുടെ മറ്റൊരു പ്രത്യേകതയണ്. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് ചികിത്സ അടക്കമുള്ളവ നൽകി സംരക്ഷണം നൽകും.
പൊതുജനങ്ങൾ പദ്ധതിയുമായി സഹകരിക്കണമെന്നും മൃഗങ്ങളെക്കുറിച്ച് അറിയിക്കുകയും, വൃത്തിയുള്ളതും സുരക്ഷിതവുമായ പരിസ്ഥിതി രൂപപ്പെടുത്തുന്നതിൽ അധികൃതരുമായി സഹകരിക്കണമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.