മഴവെള്ള പ്രശ്നം പരിഹരിക്കാൻ പദ്ധതിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: മസ്കത്ത് മേഖലയിൽ മഴ പെയ്യുമ്പോൾ വെള്ളം കുത്തിയൊലിച്ച് വന്ന് നാശം വിതക്കുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ പദ്ധതിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. കനത്ത മഴ മൂലമുണ്ടാവുന്ന വെള്ളക്കെട്ടും നാശ നഷ്ടങ്ങളും കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി അഴുക്കുചാലുകൾക്ക് രൂപകൽപന നടത്താനും നിർമിക്കാനുമുള്ള കരാറുകാരനെ മുനിസിപ്പാലിറ്റി നിയോഗിക്കും. മാർച്ച് 18നാണ് ഇത് സംബന്ധമായ ടെൻഡർ സമർപ്പിക്കേണ്ടത്. അന്നുതന്നെ ടെൻഡർ തുറക്കുകയും ചെയ്യും. അമീറാത്ത്, സീബ്, ബൗഷർ, മസ്കത്ത്, മത്ര, ഖുറിയാത്ത് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. തലസ്ഥാന നഗരിയിലെ 45 ശതമാനം സ്ഥലവും വാദി വഴി ഒഴുകിയെത്തുന്ന മഴവെള്ളംകൊണ്ട് പ്രയാസം നേരിടുന്നതാണ്. തീരദേശങ്ങളിൽ 20 ശതമാനവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. പദ്ധതിയുടെ കരാർ എടുത്തവർ മഴവെള്ളം ഒഴുകിയെത്തുന്നതുമൂലം കൂടുതൽ പ്രയാസങ്ങളുണ്ടാവുന്ന മേഖലകൾ കണ്ടെത്തുകയാണ് വേണ്ടത്.
അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെടുന്ന ന്യൂനമർദങ്ങൾ മൂലമുണ്ടാവുന്ന പ്രയാസങ്ങൾ അധികൃതർ കണ്ടെത്തേണ്ടതുണ്ട്. ഇതനുസരിച്ച് ഓരോ വിലായത്തിലും വെള്ളം ഒഴുകിപ്പോവാനുള്ള ഓവുചാൽ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. മഴസമയത്ത് പൊതുജനങ്ങളിൽനിന്നുള്ള പരാതി അനുസരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്ന പദ്ധതികൂടിയാണിത്. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നിർദേശപ്രകാരം ആഴ്ചയിൽ എല്ലാസമയവും അവധി ദിവസങ്ങളിലും സേവനം ലഭ്യമാക്കണം. എല്ലാ വിലായത്തിലും ഈ പദ്ധതി നടപ്പാക്കുകയും എല്ലാ ഭാഗങ്ങളിലും ചാലുകൾ നിർമിക്കുകയും ചെയ്യും. കരാറെടുക്കാൻ ആഗ്രഹിക്കുന്നവർ കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളും പൂർണമായി പാലിക്കേണ്ടതുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്ത് പരിപാടി നടപ്പാക്കാനും കരാറിലുണ്ട്. ഒമാനിലെ ഓരോ ന്യൂനമർദ സമയത്തും പെയ്തൊഴിയുന്ന മഴ വൻ നാശനഷ്ടമാണുണ്ടാക്കുന്നത്. വാഹനങ്ങളും വ്യക്തികളും വെള്ളത്തിൽ ഒഴുകിപ്പോവുന്നതും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറുന്നതും സാധാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.