ബൗഷർ-അമീറാത്ത് തുരങ്കപാത നിർമിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ, അമീറാത്ത് വിലായത്തുകളെ ബന്ധിപ്പിച്ച് തുരങ്കപാത നിർമിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി.
ഈ വിലായത്തുകളെ ബന്ധിപ്പിക്കുന്ന തുരങ്കം നിർമിക്കുന്നതിനെക്കുറിച്ച് മുനിസിപ്പാലിറ്റി പഠിച്ചുവരുകയാണെന്ന് ചെയർമാൻ അഹ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു. രണ്ട് മേഖലകളെയും ബന്ധിപ്പിക്കുന്ന അധിക പാതയായി രൂപകൽപന ചെയ്ത ഈ സംരംഭം, ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള മസ്കത്ത് പദ്ധതിയുടെ പ്രധാന ഘടകമാണ്. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
പദ്ധതി വിലയിരുത്തി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നതെന്ന് അൽ ഹുമൈദി വിശദീകരിച്ചു. പഠനത്തിലെ കണ്ടെത്തലുകൾ പദ്ധതി നടത്തിപ്പിനായി ഉടൻ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മസ്കത്ത് മുനിസിപ്പാലിറ്റി, ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, ധനമന്ത്രാലയം എന്നിവയെല്ലാം ഈ സംരംഭത്തിൽ സഹകരിക്കും.മസ്കത്ത് ഗവർണറേറ്റിലെ റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനായി നിലവിൽ നടക്കുന്ന നിരവധി സേവന പദ്ധതികളെയും പരിപാടികളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അൽ അൻസബ്-അൽ-ജിഫ്നൈൻ റോഡ് പദ്ധതി മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഹൽബൻ പാത ഇരട്ടിപ്പിക്കൽ പദ്ധതി നിലവിൽ അതിന്റെ ആദ്യഘട്ടത്തിലാണ്.
ഉടൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ അൽ മുർതഫ റോഡ് ഇരട്ടിപ്പിക്കൽ പദ്ധതി അൽ മുർതഫ റൗണ്ട് എബൗട്ടിൽനിന്ന് ആംഡ് ഫോഴ്സ് ഹോസ്പിറ്റൽ റൗണ്ട് എബൗട്ട് വരെയും പിന്നീട് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഇൻറർ സെക്ഷൻ വരെയും നീട്ടും.
മഴവെള്ളം ശരിയായ രീതിയിൽ ഒഴുകിപ്പോകുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
ഇവയെല്ലാം അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വെള്ളപ്പൊക്കത്തിൽനിന്നും വെള്ളക്കെട്ടു മൂലമുണ്ടാകുന്ന അപകടങ്ങളിൽനിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.