മസ്കത്ത് നൈറ്റ് ഫെസ്റ്റിവൽ ഫയറാകാൻ പുഷ്പമേള വരുന്നു
text_fieldsമസ്കത്ത്: കാഴ്ചയുടെ പുതുവസന്തവുമായി പ്രഥമ മസ്കത്ത് ഫ്ലവർ ഫെസ്റ്റിവൽ ഒരുങ്ങുന്നു. മസ്കത്ത് നൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി ഖുറം നാച്വറൽ പാർക്കിലാണ് പുഷ്പമേള നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യത്യസ്ത പുഷ്പങ്ങൾ മേളയിലെത്തുന്നതിനൊപ്പം അന്താരാഷ്ട്ര പുഷ്പ ഡിസൈനർമാരും മേളയുടെ ഭാഗമാകും. ഫ്രാൻസ്, നെതർലൻഡ്സ്, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്തരായ ഫ്ലവർ ഡിസൈനർമാരുടെയും ഒമാനിലെ പ്രശസ്ത ഫ്ലോറിസ്റ്റായ മാധവി രമേഷ് ഖിംജി, അവരുടെ പ്രാദേശിക ഡിസൈനർമാരുടെ സംഘത്തിന്റെയും കലാവൈഭവം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. വേൾഡ് അസോസിയേഷൻ ഓഫ് ഫ്ലോറൽ ആർട്ടിസ്റ്റുകളിൽ അംഗമാകുന്ന ജി.സി.സിയിലെ ആദ്യത്തെ രാജ്യമാണ് ഒമാൻ .
ഗ്രാൻഡ് ഫ്ലോറൽ സെന്റർപീസ്, അത്ഭുതങ്ങളുടെ വേരുകൾ, സ്വപ്നങ്ങളുടെ മേലാപ്പുകൾ എന്നിങ്ങനെയുള്ള അതിശയകരമായ കലാസൃഷ്ടികൾ കാണികളെ ആകർഷിക്കുന്നതാകും. സിംഗപ്പൂർ, തായ്ലൻഡ്, ചൈന, യു.എസ്.എ എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര ടീമാണ് ഫ്ലവർ ഷോ അണിയിച്ചൊരുക്കുന്നത്.
അതേസമയം, തലസ്ഥാന നഗരിക്ക് ആഘോഷരാവുകളുമായെത്തുന്ന മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഡിസംബർ 23 മുതൽ ജനുവരി 21വരെ നസീം പാർക്ക്, വാദി അൽ ഖൗദ്, സീബ് ബീച്ച്- സുർ അൽ ഹദീദ്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഖുറം നാച്വറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക് എന്നിങ്ങനെ ഒന്നിലധികം വേദികളിലാണ് ഇപ്രാവശ്യം ഫെസ്റ്റിവൽ നടക്കുക. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി പരിപാടികളിലും വൈവിധ്യങ്ങളുണ്ട്. 700ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങൾ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശനത്തിന് ഒരുക്കുന്നുണ്ട്. ഖുറം നാച്വറൽ പാർക്കിൽ ഫ്ലവർ ഷോയും ഫുഡ് ഫെസ്റ്റിവലും നടക്കും. ഡ്രോൺ ലൈറ്റ് ഷോകൾ, ലേസർ ഡിസ്പ്ലേകൾ, കുതിരസവാരി തുടങ്ങിയ ഇവന്റുകൾ പരിപാടിയെ കൂടുതൽ ആകർഷകമാക്കും. ഫുഡ് ഫെസ്റ്റിവൽ, വിവിധ രാജ്യങ്ങളിലെ എംബസികൾ പ്രതിനിധീകരിക്കുന്ന പവലിയൻ തുടങ്ങി ചില ജനപ്രിയ പരിപാടികളുടെ തിരിച്ചുവരവ് ഉൾപ്പെടെ ഈ വർഷത്തെ ഫെസ്റ്റിവലിന് പുതിയ സവിശേഷതകൾ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.