മസ്കത്ത് നൈറ്റ്സ്: വാഹന ഉടമകൾക്ക് മാർഗനിർദേശങ്ങളുമായി ആർ.ഒ.പി
text_fieldsമസ്കത്ത്: മസ്കത്ത് നൈറ്റ്സിൽ പങ്കെടുക്കാനെത്തുന്ന വാഹന ഉടമകൾക്ക് റോയൽ ഒമാൻ പൊലീസ് ഗതാഗത മാർഗനിർദേശങ്ങൾ പുറത്തിറക്കി. നീണ്ട ഇടവേളക്ക് ശേഷമാണ് ഫെസ്റ്റിവലിന് ഖുറം നാച്വറൽ പാർക്ക് വേദിയാവുന്നത്. ഗതാഗതക്കുരുക്ക് അടക്കമുള്ള കാരണമായിരുന്നു ഖുറം പാർക്കിൽനിന്ന് വേദി മറ്റിടങ്ങളിലേക്ക് മാറ്റിയത്. ഇതോടെ പരാതികൾ ഒഴിവാക്കാൻ റോയൽ ഒമാൻ പൊലീസ് ശക്തമായ നടപടികളുമായി രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഖുറം പാർക്കിൽ എത്തുന്നവരോട് വാഹനങ്ങൾ കുട്ടികളുടെ മ്യൂസിയത്തിന് സമീപമുള്ള രണ്ടാം ഗേറ്റിൽ പാർക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഈ ഭാഗത്ത് കൂടുതൽ പാർക്കിങ് സൗകര്യമുള്ളത് ഒന്നാം ഗേറ്റിലെ തിരക്ക് കുറക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സഹായകമാവും.
ഒന്നാം ഗേറ്റിലേക്ക് പോവുന്ന റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഖുറം പാർക്കിന്റെ പ്രധാന ഗേറ്റിന് എതിർഭാഗത്തുള്ള വീടുകൾ, താമസയിടങ്ങൾ എന്നിവക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. മാർഗനിർദേശങ്ങൾ ലംഘിക്കുകയും മേൽപറഞ്ഞ ഇടങ്ങളിൽ പാർക്ക് ചെയ്യുകയും ചെയ്യുന്ന വാഹനങ്ങൾ എടുത്തുമാറ്റുകയും നിയമ നടപടികൾക്ക് വിധേയമാക്കുകയും ചെയ്യും.
നസീം ഗാർഡൻ സന്ദർശിക്കാനെത്തുന്നവർക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഹൈവേ വഴി നസീം ഗാർഡനിലേക്ക് വരുന്ന വാഹനങ്ങൾ ബർക പാലത്തിന് ശേഷം തീരദേശ റോഡിലേക്കുള്ള സർവിസ് റോഡ് വഴി വേദിയിലേക്ക് പോവണം. ബർകയിൽനിന്ന് വരുന്ന വാഹനങ്ങൾ അൽ നസീം പാലം വഴി ബർക പാലത്തിലേക്കുള്ള സർവിസ് റോഡിൽ പ്രവേശിക്കണം. സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് വഴി വരുന്ന വാഹനങ്ങൾ പാലസ് റൗണ്ട് എബൗട്ടിൽ എത്തിയ ശേഷം വലത് ഭാഗത്തെ സർവിസ് റോഡ് വഴി ഫെസ്റ്റിവൽ വേദിയിലെത്തണം. വാഹനവുമായെത്തുന്നവർക്ക് മൂന്ന് ഗേറ്റുകളിൽ അനുയോജ്യമായ ഭാഗങ്ങളിൽ പാർക്ക് ചെയ്യാം. നസീം ഗാർഡനിലേക്ക് പോവുന്ന റോഡിന്റെ ഇരു ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
മസ്കത്ത് ഫെസ്റ്റിവൽ ആരംഭിച്ച ആദ്യകാലങ്ങളിൽ ഖുറം പാർക്കായിരുന്നു പ്രധാന വേദി. ഫെസ്റ്റിവലിന്റെ പ്രധാന ഇനങ്ങളെല്ലാം ഇവിടെയാണ് നടന്നിരുന്നത്. എത്തിപ്പെടാൻ ഏറെ സൗകര്യമുള്ളതായതിനാൽ വൻ ജനാവലിതന്നെ ഇവിടെ ഫെസ്റ്റിവലിന് വന്നിരുന്നു. റൂവി അടക്കമുള്ള പ്രധാന നഗരങ്ങളിൽനിന്ന് വാഹന സൗകര്യവും മറ്റുമുള്ളതിനാൽ ഇവിടെ നടന്ന ഫെസ്റ്റിവലുകളിലെല്ലാം വൻ ജനപങ്കാളിത്തവുമുണ്ടായിരുന്നു.
എന്നാൽ, ഇവിടെ ഫെസ്റ്റിവൽ നടക്കുന്നത് സമീപവാസികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഫെസ്റ്റിവലിനെത്തുന്നവർ അശ്രദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതടക്കമുള്ള കാരണങ്ങളാൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. ഇതുകാരണം കഴിഞ്ഞ കുറെ വർഷങ്ങളായി ഫെസ്റ്റിവൽ വേദി അൽ അമിറാത്തിലേക്ക് മാറ്റുകയായിരുന്നു. ഫെസ്റ്റിവലിന്റെ രണ്ടാംദിനമായ വെള്ളിയാഴ്ചയും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വാരാന്ത്യ അവധിയായതിനാൽ സ്വദേശികളും വിദേശികളുമടക്കം കുടുംബങ്ങളുമായാണ് നഗരിയിൽ എത്തിയത്. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.