മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ: സന്ദർശകർക്ക് സമ്മാനിക്കുക വേറിട്ട അനുഭവം -മുനിസിപ്പാലിറ്റി ചെയർമാൻ
text_fieldsമസ്കത്ത്: മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ ഏഴ് വേദികളിലായി സന്ദർശകർക്ക് വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി. ആദ്യമായിട്ടാണ് മസ്കത്ത് നൈറ്റ് ഫെസ്റ്റിവൽ ഏഴ് വേദികളിലായി നടക്കുന്നത്.
ഓരോന്നിനും സ്പോർട്സ്, വിനോദം, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സന്ദർശകരുമായി ഇടപഴകുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന അമീറാത്ത് പാർക്കിലെ ‘ഹൈബ്രിഡ്’ പരിപാടിയാണ് ശ്രദ്ധേയമായ ആകർഷണങ്ങളിലൊന്ന്.
അൽ ഖുറം നാച്ചുറൽ പാർക്കിൽ, ഫ്ലവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരു ദശലക്ഷത്തിലധികം പൂക്കളുടെ ലോകമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനകം ആയിരക്കണക്കിന് ആളുകളാണ് ഫോട്ടോ എടുക്കാനും മനോഹരമായ പൂക്കൾ ആസ്വാദിക്കാനുമായെത്തിയിരുന്നത്.
സുർ അൽ ഹദീദ് ബീച്ചിൽ വിവിധ കായിക വിനോദങ്ങൾ നടക്കും.
ഈ വർഷത്തെ മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവലിൽ 900 ചെറുകിട, ഇടത്തരം സംരംഭങ്ങളും ഉൽപാദനക്ഷമതയുള്ള കുടുംബങ്ങളും പങ്കെടുക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി ഊന്നിപ്പറഞ്ഞു. രണ്ടാം ദിനവും ആയിരക്കണക്കിന് ആളുകളാണ് വിവിധ വേദികളിലായി എത്തിയത്.
എല്ലാ ദിവസവും വൈകുന്നേരം നാല് മുതല്‍ രാത്രി 11 മണി വരെയാകും മസ്കത്ത് നൈറ്റ്സ് അനുബന്ധ പരിപാടികള്‍. വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ സമയം വിനോദ പരിപാടികള്‍ അരങ്ങേറും. പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും മസ്കത്ത് നൈറ്റ്സിന്റെയും സാമൂഹിക മാധ്യമങ്ങളിലൂടെ ലഭ്യമാകും. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക്, അൽ നസീം പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, അൽ ഹെയിൽ ബീച്ച്, വാദി അൽ ഖൗദ്, കൂടാതെ നിരവധി സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്.
സന്ദർശകരെ സഹായിക്കുന്നതിനായി, ബഹുഭാഷ കൈകാര്യം ചെയ്യുന്ന 500 ഓളം സന്നദ്ധപ്രവർത്തകരെ വിവിധ ഫെസ്റ്റിവൽ വേദികളിൽ ക്രമീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസത്തിൽ ഖുറം റോസ് ഗാർഡനിൽ ഇന്ത്യൻ സോഷ്യൽ ക്ലബിന് കീഴിലുള്ള മലബാർ വിങ്ങിന്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച ദഫ് മുട്ട് മത്സരം ഏവരെയും ആകർഷിക്കുന്നതായി.
മലബാർ വിങ് അംഗങ്ങളുടെ വിവിധ കലാ സംസ്കാരിക പരിപാടികളും വരും ദിവസങ്ങളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.