മസ്കത്ത്-ഷാർജ മുവാസലാത്ത് ബസ് സർവിസ് 27 മുതൽ
text_fieldsമസ്കത്ത്: മസ്കത്ത്-ഷാർജ ബസ് സർവിസ് ഫെബ്രുവരി 27ന് ആരംഭിക്കുമെന്ന് ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. ശിനാസ് വഴി ഷാർജയിൽ എത്തുന്നവിധത്തിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വൺവേക്ക് 10 ഒമാൻ റിയാലായിരിക്കും ടിക്കറ്റ് നിരക്ക്. ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 23 കിലോ ലഗേജും കൊണ്ടുപോകാൻ സാധിക്കും.
മുവാസലാത്തിന്റെ ഡയറക്ട് ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമായ www.mwasalat.om വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ രണ്ടു രാജ്യങ്ങളിലെയും ബസ് സ്റ്റേഷനുകളിലുള്ള ഔട്ട്ലെറ്റുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാക്കും.
മസ്കത്തിൽനിന്ന് ആദ്യ ബസ് രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.40ന് ഷാർജയിലെ ജുബൈൽ ബസ് സ്റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് വൈകുന്നേരം നാല് മണിക്ക് പുറപ്പെട്ട് പുലർച്ചെ 1.10നും എത്തും.
ഷാർജയിൽനിന്നുള്ള ആദ്യ ബസ് ജുബൈൽബസ് സ്റ്റേഷനിൽനിന്ന് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചക്ക് 2.30നും രണ്ടാമത്തെ ബസ് വൈകുന്നേരം നാല് മണിക്ക് പുറപ്പെട്ട് രാത്രി 11.50നും അസൈബ ബസ് സ്റ്റേഷനിലെത്തും. മസ്കത്ത്-ഷാർജ റൂട്ടിൽ സർവിസ് ആരംഭിക്കുന്നതിന് ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (എസ്.ആർ.ടി.എ) ഗതാഗത കമ്പനി ജനുവരിയിൽ കരാറിൽ എത്തിയിരുന്നു.
ഷാർജയിലെ എസ്.ആർ.ടി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുവാസലാത്ത് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ നദാബിയും എസ്.ആർ.ടി.എ ചെയർമാൻ എൻജിനീയർ യൂസഫ് ബിൻ ഖമീസ് അൽ അത്മാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. മസ്കത്തിലെ അസൈബ സ്റ്റേഷനിൽനിന്ന് ഷാർജയിലെ ജുബൈൽ ബസ് സ്റ്റേഷനിലേക്ക് പ്രതിദിന സർവിസുകളാണ് ആരംഭിക്കുന്നത്. അതിർത്തിയിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സ്പെഷൽ റൂട്ടുകളും അനുവദിക്കും.
ഒമാനിനും യുനൈറ്റഡ് അറബ് എമിറേറ്റ്സിനുമിടയിൽ അന്താരാഷ്ട്ര ബസ് ഗതാഗത ശൃംഖല വിപുലീകരിക്കാനും ഇരുരാജ്യങ്ങൾക്കുമിടയിലെ ടൂറിസം മുന്നേറ്റം മെച്ചപ്പെടുത്താനും യാത്രക്കാർക്ക് മികച്ച ഗതാഗതസൗകര്യങ്ങൾ ഒരുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ മുവാസലാത്ത് അബൂദബിയിലേക്ക് സർവിസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.