മസ്കത്ത്, സുഹാർ, സലാല: വിമാനത്താവള നഗരങ്ങളാകുന്നു
text_fieldsമസ്കത്ത്: രാജ്യത്ത് മൂന്ന് വിമാനത്താവള നഗരങ്ങൾ നിർമിക്കാൻ ഒമാൻ ഏവിയേഷൻ ഗ്രൂപ് ഒരുങ്ങുന്നു. പ്രധാന വിമാനത്താവളങ്ങൾ സ്ഥിതിചെയ്യുന്ന മസ്കത്തിലും സലാലയിലും സുഹാറിലുമാണ് വിമാനത്താവള നഗരങ്ങൾ നിർമിക്കുക. വാണിജ്യം, ഹോട്ടലുകൾ, ചരക്കുഗതാഗതം, വ്യോമയാനം തുടങ്ങിയ മേഖലകളിലുള്ള സ്ഥാപനങ്ങൾ അടങ്ങിയതായിരിക്കും ഇൗ നഗരങ്ങളെന്ന് ഒമാൻ ഏവിയേഷൻ ഗ്രൂപ് സി.ഇ.ഒ മുസ്തഫ ബിൻ മുഹമ്മദ് അൽ ഹിനായി പറഞ്ഞു. രാജ്യത്തിെൻറ സാമ്പത്തിക വികസനത്തിന് പിന്തുണ നൽകുകയെന്ന ഒമാൻ ഏവിയേഷൻ ഗ്രൂപ്പിെൻറ കാഴ്ചപ്പാട് മുൻനിർത്തിയാണ് വിമാനത്താവള നഗരങ്ങൾക്ക് രൂപം നൽകുന്നതെന്നും അറേബ്യൻ എയറോസ്പേസ് ഒാൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തെ വ്യോമയാന മേഖലയുടെ ശക്തമായ വളർച്ച ഉറപ്പുവരുത്തുന്നതിനായി ഒമാൻ എയർ, ഒമാൻ എയർപോർട്സ്, ഒമാൻ ഏവിയേഷൻ സർവിസസ് എന്നിവയെ ഉൾപ്പെടുത്തി പൂർണമായി സർക്കാർ ഉടമസ്ഥതയിൽ രൂപവത്കരിച്ച ഹോൾഡിങ് കമ്പനിയാണ് ഒമാൻ ഏവിയേഷൻ ഗ്രൂപ്.
ഒാഫിസുകൾ, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ, റീെട്ടയിൽ ഒൗട്ട്ലെറ്റുകൾ തുടങ്ങി വിമാനത്താവള നഗരങ്ങളിൽ താമസിക്കുന്നവർക്ക് വേണ്ട സൗകര്യങ്ങളെല്ലാം അടങ്ങിയ നഗരങ്ങളാകും സ്ഥാപിക്കുകയെന്നും സി.ഇ.ഒ പറഞ്ഞു. കമേഴ്സ് ഗേറ്റ്, ഹോസ്പിറ്റാലിറ്റി ഗേറ്റ്, ലോജിസ്റ്റിക്സ് ഗേറ്റ്, ഫ്രീസോൺ ആൻഡ് ഏവിയേഷൻ ഗേറ്റ് എന്നിവയാണ് വിമാനത്താവള നഗരങ്ങളിൽ ഉണ്ടാവുക. മത്സ്യ-കാർഷിക ഉൽപന്നങ്ങളുടെ സംസ്കരണ കേന്ദ്രങ്ങൾ, ചെറുകിട ഉൽപാദനം, അസംബ്ലി-ലേബലിങ്, പാക്കിങ് തുടങ്ങിയ മേഖലകളിൽ അടക്കം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ കേന്ദ്രമായിരിക്കും ഫ്രീസോണുകൾ. സീബിലെ പഴയ വിമാനത്താവളത്തെ വ്യോമയാന പരിശീലനത്തിെൻറയും വിനോദത്തിെൻറയും കേന്ദ്രമായി മാറ്റുമെന്നും അൽ ഹിനായി പറഞ്ഞു. ഒമാൻ എയറിെൻറയും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും ഒമാൻ വിമാനത്താവളത്തിെൻറയും കീഴിൽ മൂന്ന് പരിശീലന കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. ഇത് മൂന്നും ചേർത്ത് ഒമാനിലെ ആദ്യ ഏവിയേഷൻ സ്കൂൾ ഇവിടെ സ്ഥാപിക്കാനാണ് പദ്ധതി.
വിമാനത്താവളത്തിെൻറയും വിമാന കമ്പനികളുടെയും ഗ്രൗണ്ട് സേവനങ്ങൾ, ഇൻഫ്ലൈറ്റ് സേവനങ്ങൾ എന്നിവയും ഇവിടെനിന്ന് ലഭ്യമാക്കും. വൈമാനിക പരിശീലനം സുഹാർ വിമാനത്താവളത്തോട് ചേർന്നുള്ള ഒമാൻ ഏവിയേഷൻ അക്കാദമിയിൽ നിന്ന് തന്നെയാകും ഉണ്ടാവുകയെന്നും ഒമാൻ ഏവിയേഷൻ ഗ്രൂപ് സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.