പ്രവാസലോകത്തും മുട്ടിപ്പാട്ട് സജീവമാകുന്നു
text_fieldsസുഹാർ: വടക്കേ മലബാറിലെയും മറ്റു പ്രദേശങ്ങളിലിലെയും കല്യാണ വീടുകളിൽ ഒരുകാലത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത കലാരൂപമായിരുന്ന മുട്ടിപ്പാട്ട് പ്രവാസ ലോകത്തും സജീവമാകുന്നു.
തലശ്ശേരി സ്വദേളി മുഹമ്മദ് സിയാന്റെ നേതൃത്വത്തിൽ ഒമാനിലെ ഇരുപതോളം പ്രവാസികളായ യുവാക്കൾ ചേർന്ന് ‘ഫ്യൂഷൻ ബീറ്റ്സ് മസ്കത്ത് മുട്ടി പാട്ട് ടീം’ എന്ന പേരിൽ മുട്ടിപ്പാട്ട് സംഘം രൂപവത്കരിച്ചു. വലിയ ചടങ്ങിലും മറ്റു പരിപാടികളിലും ഇതിനകം മുട്ടിപ്പാട്ടുമായി സംഘം എത്തിയിരുന്നു.
തലശ്ശേരിയിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ് ഒമാൻ ചാപ്റ്റർ നടത്താൻ പോകുന്ന മുട്ടിപ്പാട്ട് ഫെസ്റ്റിവലിനോടനുബന്ധിച്ച് അൽഖുവൈറിൽ നടത്തിയ മുട്ടിപ്പാട്ട് റിഹേഴ്സൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതായി. ചടങ്ങിൽ ഹാർട്ട് ബീറ്റ്സ് ഒമാൻ കൺവീനർമാരായ നിഷാദ് കോട്ടയക്കാരൻ, പി.കെ. താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ പ്രസിഡന്റ് സലിം പാലിക്കണ്ടിയും മറ്റു പ്രവാസി കുടുംബാംഗങ്ങളും പങ്കെടുത്തു. ഒമാൻ ചാപ്റ്റർ അംഗങ്ങളായ സലി കെ.സി, ഷാജിർ എം.വി, സാദിഖ് അലിയാമ്പത്ത്, റസാഖ് പറമ്പത്ത്, ടി.വി. സാദിഖ് എന്നിവർ ആശംസകൾ അറിയിച്ചു.
വടക്കേ മലബാറിൽ ആദ്യകാലങ്ങളിൽ പുതിയാപ്പിള മണവാളനായി വസ്ത്രം മാറുമ്പോഴും മണവാട്ടിയുടെ വീട്ടിലേക്ക് പുറപ്പെടുമ്പോഴും മൈലാഞ്ചി കല്യാണത്തിനും മുട്ടിപ്പാട്ടിന്റെ താളം ഉയർന്നു കേട്ടിരുന്നു.
കല്യാണത്തിന് പ്രായമായവരുടെ മുട്ടിപ്പാട്ട് സംഘങ്ങളായിരുന്നു സജീവമായി ഉണ്ടായിരുന്നത്. തനത് മാപ്പിള പാട്ട് ശൈലിയിൽ മുറുകിയ താളത്തിലുള്ള പാട്ടുകളാണ് അന്നവർ പാടിയിരുന്നത്. പാട്ടിൽ ചെറുക്കന്റെയും പെണ്ണിന്റെയും പേരുകൾ ഉൾപ്പെടുത്തി പാടുക പതിവാണ്.
കല്യാണത്തിന് ഒരു ആവേശവും ചടുലതയും സൃഷ്ടിക്കാൻ അന്നത്തെ മുട്ടിപ്പാട്ട് സംഘത്തിന് കഴിഞ്ഞിരുന്നു. പിന്നീട് മുട്ടിപ്പാട്ട് സംഘങ്ങൾ പടിയിറങ്ങി ഗാനമേള സംഘങ്ങൾ കല്യാണവീടുകളിൽ തരംഗമായി മാറി. കാലക്രമേണ മുട്ടിപ്പാട്ടുകൾ വിസ്മൃതിയിലായി.
പുതിയ കാലത്ത് പഴയതിന്റെ തിരിച്ചു വരവാണല്ലോ ട്രെൻഡ്. അങ്ങനെയാണ് ചെറുപ്പക്കാരുടെ സംഘങ്ങൾ വീണ്ടും മുട്ടിപ്പാട്ടുമായി പ്രവാസ ലോകത്തും രംഗത്തു വന്നിട്ടുള്ളത്. ഒമാന്റെ വിവിധ ഭാഗങ്ങിൽ ചെറുതും വലുതുമായ മുട്ടിപ്പാട്ട് സംഘങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.