മുവാസലാത്ത് റുവി ടൗൺ സർവിസ് ആരംഭിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ പൊതുമേഖല ഗതാഗത കമ്പനിയായ മുവാസലാത്ത് റുവി കേന്ദ്രീകരിച്ച് ടൗൺ സർവിസ് ആരംഭിച്ചു. റുവി നഗരത്തിലെ വിവിധ പോയന്റുകളിൽ കൂടിയാണ് ബസ് കടന്നുപോവുക. ഇത് റുവി ടൗണിൽ ജീവിക്കുന്നവർക്ക് ഏറെ പ്രയോജനം ചെയ്യും.
നിലവിൽ റുവി ടൗൺ കേന്ദ്രീകരിച്ച് ടാക്സി സർവിസ് പോലും ഇല്ലാത്തതിനാൽ നഗരത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റു ഭാഗത്തേക്ക് ടാക്സി എൻഗേജ്മെന്റ് (വാടകക്ക്) ചെയ്യേണ്ട അവസ്ഥയായിരുന്നു. ഇതിന് ഉയർന്ന നിരക്കും നൽകേണ്ടി വരും. അതിനാൽ താഴ്ന്ന വരുമാനക്കാർക്ക് നടന്നുപോവുകതന്നെയായിരുന്നു ശരണം. പുതിയ ടൗൺ സർവിസിന് മികച്ച സ്വീകാര്യതയാണ് യാത്രക്കാരിൽനിന്ന് ലഭിക്കുന്നത്. 24 സീറ്റുള്ള മിനി ബസുകളാണ് സർവിസ് നടത്തുന്നത്. റൂവി സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തുനിന്ന് ആരംഭിക്കുന്ന ബസിന്റെ ആദ്യ സ്റ്റോപ് റുവി ടാക്സി പോയന്റിലാണ്. റുവി കമേഴ്സ്യൽ ഏരിയ, അൽ വലജ സ്കൂൾ, ബലദിയ്യ സ്ട്രീറ്റ്, റൂവി സൂഖ്, ഹില്ലത്ത് അൽ ആലിയ, ഹംരിയ്യ റൗണ്ട് എബൗട്ട്, ഹംരിയ്യ, ഹൈസ്ട്രീറ്റ് എന്നീ പോയന്റിൽ നിർത്തി ആളെയെടുത്ത് തിരിച്ചുവരുകയാണ് ചെയ്യുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന കുറഞ്ഞ വരുമാനക്കാരെ ഉദ്ദേശിച്ചാണ് സർവിസ് ആരംഭിച്ചതെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു.
പൊതുജനങ്ങളുടെ സൗകര്യം മാനിച്ച് രാത്രി വൈകുന്നത് വരെ സർവിസ് ഉണ്ടായിരിക്കും. ഓരോ നാലു മിനിറ്റിലും സർവിസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സർവിസുകൾ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. വാദികബീറിന്റെ വിവിധ മേഖലയിലും പഴയ മസ്കത്ത്, സിദാബ് എന്നിവിടങ്ങളിലും പോയന്റ് ടു പോയന്റ് സർവിസ് നടത്താൻ ആലോചിക്കുന്നുണ്ട്. മുവാസലാത്തിന്റെ പുതിയ സർവിസിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്നവർ ഏറെ സന്തുഷ്ടരാണ്. ഇത് ടാക്സി സർവിസിനെക്കാളും ചെലവ് കുറഞ്ഞതാണെന്നും അവർ പറയുന്നു. മുവാസലാത്ത് നിലവിൽ 36 റൂട്ടിലാണ് സർവിസ് നടത്തുന്നത്.
മസ്കത്ത് ഗവർണറേറ്റിൽ 12 സർവിസുകളാണ് മുവാസലാത്ത് നടത്തുന്നത്. റൂവി സ്റ്റേഷനിൽനിന്ന് മൊബേല, വാദികബീർ, മത്ര, മസ്കത്ത്, അമിറാത്ത്, എയർ പോർട്ട് എന്നിവിടങ്ങളിലേക്കാണ് സർവിസ് നടത്തുന്നത്. ബസിലെ വൈഫൈ അടക്കമുള്ള നിരവധി സൗകര്യവും മികച്ച സേവനവും സമയനിഷ്ഠയും യാത്രക്കാരെ ആകർഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.