നഞ്ചിയമ്മക്ക് പ്രവാസി വെൽഫെയർ ഒമാന്‍റെ ആദരവ്
text_fieldsമസ്കത്ത്: ഓണാഘോഷവുമായി ബന്ധപ്പെട്ട് മസ്കത്തിൽ സന്ദർശനത്തിനെത്തിയ നഞ്ചിയമ്മക്ക് പ്രവാസി വെൽഫെയർ ഒമാന്‍റെ ആദരം കൈമാറി. അയ്യപ്പനും കോശിയും എന്ന സിനിമയിലെ 'കലക്കാത്ത...' എന്ന് തുടങ്ങുന്ന ഗാനമാണ് നഞ്ചിയമ്മയെ അവാർഡിന് അർഹയാക്കിയത്. ഈ ഗാനം രചിച്ചതും നഞ്ചിയമ്മ തന്നെയാണ്. ഗാനം റിലീസായി ദിവസങ്ങൾക്കുള്ളിൽ ഒരു കോടിയിലധികം പേരാണ് ഈ പാട്ട് യുട്യൂബിലൂടെ ആസ്വദിച്ചത്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ ആദിവാസികളിലെ 'ഇരുള' സമുദായത്തിൽപെട്ട കലാകാരിയാണ്. ഇവരുടെ ഭാഷക്ക് ലിപിയില്ല എന്നതും ഒരു പ്രത്യേകതയാണ്. പാരമ്പര്യമായി വാമൊഴിയിലൂടെ കേട്ടുപഠിച്ചതോ അല്ലങ്കിൽ ഓരോ സന്ദർഭത്തിലും രചിക്കുന്നതോ ആയ പാട്ടുകളാണ് ആലപിക്കുന്നത്. ചെണ്ട, ചിലങ്ക മുതൽ മറ്റ് വാദ്യോപകരണങ്ങളും ആഭരണങ്ങളും സ്വയംതന്നെ നിർമിച്ചാണ് ഗാനങ്ങൾ അവതരിപ്പിക്കാറുള്ളതെന്ന് നഞ്ചിയമ്മ വിശദീകരിച്ചു.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ എക്സൈസ് ഓഫിസറായി അഭിനയിച്ച പഴനി സ്വാമിയും അദ്ദേഹത്തിന്‍റെ കലാകാരിയായ മകളും ചടങ്ങിന് മാറ്റുകൂട്ടി. പ്രവാസി വെൽഫെയർ ഒമാൻ പ്രസിഡന്റ് കെ. മുനീർ വടകര ഉപഹാരം കൈമാറി. പ്രവാസി വെൽഫെയർ ഒമാൻ ഭാരവാഹികളായ സഫീർ നരിക്കുനി, സൈദ് അലി, ഖാലിദ് ആതവനാട്, എം.പി.സി. ബഷീർ, സനോജ് കൊച്ചി, നിസാം എന്നിവരും സംബന്ധിച്ചു. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിൽപെട്ടുപോവുകയും ചൂഷണത്തിന് വിധേയരുമായ ആദിവാസികളിൽനിന്നും ഉയർന്നുവന്ന ഈ കലാകാരൻമാരിലൂടെ ചരിത്രത്തിൽതന്നെ തുല്യതയില്ലാത്ത അനീതിക്ക് ഇരയായ ആദിവാസി സമൂഹത്തിന് ഗുണമുണ്ടാകട്ടെ എന്ന് പ്രവാസി വെൽഫെയർ പ്രസിഡന്റ് കെ. മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.