ദേശീയ ദിനം; ഇത്തവണ ആഘോഷം കൂടുതൽ കളറാകും
text_fieldsമസ്കത്ത്: രാജ്യത്തിന്റെ 52ാം ദേശീയ ദിനാഘോഷത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ആഘോഷങ്ങൾക്ക് പൊലിമകൂട്ടി രാജ്യത്തെ ഗവർണറേറ്റുകളിൽ വിവിധങ്ങളായ പരിപാടികൾ അരങ്ങേറും.
ലേസർ, പട്ടം ഷോകളാണ് ഇത്തവണത്തെ ആഘോഷങ്ങൾക്ക് നിറം പകരുന്നത്. മസ്കത്ത് ഗവർണറേറ്റിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച നടക്കുന്ന പ്രധാനപ്പെട്ട പരിപാടികൾ മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.
അമീറാത്ത് പാർക്കിൽ അൽ-അമീറാത്ത് ബാൻഡിന്റെ ഒമാനി നാടൻകലകളുടെ അവതരണം, അൽ-അമീറാത്ത് ചാരിറ്റബിൾ ടീമിന്റെ ചിൽഡ്രൻസ് തിയറ്റർ, അൽ അമീറാത്ത് ക്ലബ് അവതരിപ്പിക്കുന്ന ഒമാനി നാടൻ കളികൾ, മസ്കത്ത് ലീഗൽ ഏവിയേഷൻ ടീമിന്റെ ഫോറൻസിക് ഫ്ലൈറ്റ് ഷോ, മസ്കത്ത് ആന്റിക് കാർസ് ടീം ഒരുക്കുന്ന ക്ലാസിക് കാർ ഷോ, ജനറൽ ഡയറക്ടറേറ്റ് ഓഫ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ സ്കൗട്ട് ബാൻഡ് തുടങ്ങിയവ നടക്കും.
അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസും
മസ്കത്ത്: ഒമാന്‍ ദേശീയദിനത്തോടനുബന്ധിച്ച് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസും. മസ്കത്ത്-കണ്ണൂർ സെക്ടറിലേക്ക് നവംബർ അവസാനം വരെ 40 കിലോ ബാഗേജ് കൊണ്ടുപോകാവുന്നതാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
ഹാൻഡ് ബാഗേജ് ഏഴ് കിലോക്ക് പുറമെയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. നേരത്തെ 30 കിലോ ആയിരുന്നു അനുവദിച്ചിരുന്നത്. ഉത്തരമലബാറിലെ യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്നതാണ് പുതിയ തീരുമാനം. ദിവസങ്ങൾക്ക് മുമ്പ് ഗോ ഫസ്റ്റ് എയർലൈനും അധിക ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 15വരെയുള്ള ദിവസങ്ങളിലാണ് ഈ ആനുകൂല്യം ലഭിക്കുക. അതേസമയം, സീസൺ മുന്നിൽ കണ്ട് വിമാനക്കമ്പനികൾ നിരക്ക് ഉയർത്തി തുടങ്ങിയിട്ടുണ്ട്. നിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.
പൊതു അവധി പ്രഖ്യാപിച്ചു
നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളിലാണ് അവധി
മസ്കത്ത്: രാജ്യത്തിന്റെ 52ാം ദേശീയദിനത്തോടനുബനധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങൾ ഉള്‍പ്പടെ നാലുദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.
ഡിസംബര്‍ നാലിനാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക. ഈവർഷത്തെ സൈനിക പരേഡ് വെള്ളിയാഴ്ച സലാലയിലെ അൽ നാസർ സ്ക്വയറിലാണ് നടക്കുന്നത്. ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിക്കും.
ബർക്കയിൽ പാരാഗ്ലൈഡർ ഷോ
മസ്കത്ത്: രാജ്യത്തിന്റെ 52ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി ശനിയാഴ്ച ബർക്കയിലെ അൽ സ്വാദി ഏരിയയിൽ നടക്കുന്ന ആഘോഷപരിപാടിയിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 ലധികം പാരാഗ്ലൈഡറുകൾ പങ്കെടുക്കും. ദഹിറ ഹോബി ടീം, റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
കുടുംബങ്ങൾക്കായുള്ള പ്രദർശനങ്ങൾ, കുട്ടികൾക്കുള്ള വിനോദപരിപാടികൾ, കയാക്കിങ്, കുതിര പ്രദർശനം, പാരച്യൂട്ട് ജംപുകൾ എന്നിങ്ങനെ വിവിധ പരിപാടികൾ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. പാരാഗ്ലൈഡർമാരുടെ പങ്കാളിത്തം ഫെസ്റ്റിവലിനെ കൂടുതൽ ആകർഷണീയമാകുമെന്ന് ഇബ്രി ക്ലബിന്റെ ദാഹിറ ഹോബി ടീം മേധാവി ഖാലിദ് റാഷിദ് അൽ കൽബാനി പറഞ്ഞു.
അറബ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്ലൈഡർ പൈലറ്റാണ് ടീമിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ 13 വയസ്സുള്ള മകൻ റാഷിദ് ബിൻ ഖാലിദ് അൽ കൽബാനിയും മകൾ റഗദും (11) പരിപാടിയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. വൈകീട്ട് 3.30 മുതൽ 5.30 വരെയാണ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടക്കുക. ഗ്ലൈഡറുകൾ, പാരാഗ്ലൈഡ്, വയർലെസ് ഫ്ലയിങ്, വയർലെസ് കാറുകൾ, ഫോട്ടോഗ്രഫി എന്നിവയിൽ ഏർപ്പെടാനുള്ള കഴിവുകൾ വികസിപ്പിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.ഒമാനിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സുൽത്താനേറ്റിൽ പാരാഗ്ലൈഡിങ് പരിപാടികൾ നടത്തുന്നത് തുടരുമെന്ന് അൽ കൽബാനി പറഞ്ഞു.
നിസ്വയിൽ 'ജോയ് ഓഫ് എ നേഷൻ'
മസ്കത്ത്: ദേശീയദിനാഘോഷത്തോടനുബധിച്ച് ദാഖിലിയ ഗവർണറേറ്റിലെ ഇഹ്സാൻ അസോസിയേഷൻ നവംബർ 26ന് നിസ്വയിൽ 'ജോയ് ഓഫ് എ നേഷൻ' പരിപാടി സംഘടിപ്പിക്കും. പുരാതന ഒമാനി പൈതൃകം ഉയർത്തിക്കാട്ടുകയും പരമ്പരാഗത കരകൗശല വസ്തുക്കളുടെ സംരക്ഷണം വർധിപ്പിക്കുകയും ചെയ്യുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
നിസ്വ വിലായത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ നിരവധി വയോധികർ പങ്കെടുക്കും. വയോജനങ്ങളെ പരിചരിക്കുന്ന സംസ്കാരം പ്രചരിപ്പിക്കുക, സമൂഹപങ്കാളിത്തം ഊട്ടിയുറപ്പിക്കുക എന്നിവയാണ് ഇഹ്സാൻ അസോസിയേഷൻ ഇതിലൂടെ ഉദ്ദേശിക്കുന്നത്. പരമ്പരാഗത ദേശീയദിന ഘോഷയാത്രക്കുപുറമെ നാടോടി കലകളും സംഗീതവും കുതിര ഷോ, ബൈക്ക് ഷോ, നാടകം, സാംസ്കാരിക മത്സരങ്ങൾ എന്നിവയും നടക്കും.
52 കരകൗശല വിദഗ്ധർ, ഒമാൻ വിമൻസ് അസോസിയേഷൻ സോഷ്യൽ സെക്യൂരിറ്റി ഫാമിലി, ഇഹ്സാൻ അസോസിയേഷൻ എന്നിവയുടെ സ്റ്റാളുകളും മേളയുടെ ഭാഗമായുണ്ടാകും. കമ്യൂണിറ്റി പങ്കാളിത്തം എന്ന ആശയം ഏകീകരിക്കാനും പരമ്പരാഗത കരകൗശല സംസ്കാരം പ്രചരിപ്പിക്കാനും ആഘോഷം ലക്ഷ്യമിടുന്നുണ്ടെന്ന് പരിപാടിയുടെ കമ്മിറ്റി അംഗമായ മുഹമ്മദ് ബിൻ സാലിം അൽ റാഷിദി പറഞ്ഞു.ഈ പരിപാടികൾ ഗവർണറേറ്റിലെ വിനോദസഞ്ചാരത്തെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.