ഫലസ്തീൻ ഐക്യദാർഢ്യം: ഒമാനിൽ ഇത്തവണ ദേശീയദിനാഘോഷം പൊലിമ കുറച്ച്
text_fieldsമസ്കത്ത്: ഫലസ്തീനിലെ യുദ്ധ പശ്ചാതലത്തിൽ ഒമാന്റെ 53ാം ദേശീയദിനാഘോഷം ഈ വർഷം പരിമിതപ്പെടുത്തും. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉന്നത രക്ഷാകർതൃത്വത്തിൽ പതാക ഉയർത്തുന്നതിലും സൈനിക പരേഡിലും മാത്രമായി ആഘോഷങ്ങൾ ഒതുങ്ങുമെന്ന് ദേശീയ ആഘോഷങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.
ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആഘോഷങ്ങൾക്ക് പൊലിമ കുറച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് നവംബർ 18നാണ് ദേശീയ ദിനം കൊണ്ടാടുന്നത്.
സാധാരണ രാജ്യത്തിന്റെ എല്ലാവിധ പ്രൗഢിയും വിളിച്ചോതുന്ന തരത്തിലാണ് ദേശീയ ദിനാഘോഷ പരിപാടികൾ നടക്കാറുള്ളത്. ചെറുതും വലുതുമായ പട്ടണങ്ങളിലും നഗരങ്ങളിലുമൊക്കെ ആഘോഷത്തിന് ദിവസങ്ങൾക്ക് മുമ്പേ കൊടിതോരണങ്ങളും വൈദ്യുതി വിളക്കുകൾകൊണ്ടും അലങ്കരിക്കും. എന്നാൽ, ഇത്തവണ മസ്കത്തടക്കമുള്ള നഗരങ്ങളിൽ കൊടിതോരണങ്ങൾ മാത്രമാണ് വെച്ചിട്ടുള്ളത്.
മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മദിനമാണ് ഒമാൻ ദേശീയ ദിനമായി കൊണ്ടാടുന്നത്. ദേശീയ ആഘോഷത്തിന്റെ ഭാഗമായി റാലികളും നടക്കാറുണ്ട്. കുട്ടികൾ വെള്ളയും ചുവപ്പും പച്ചയും നിറഞ്ഞ വസ്ത്രങ്ങളണിഞ്ഞ് സന്തോഷം പങ്കുവെക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ് നടക്കും. ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖാണ് പരേഡിൽ സല്യൂട്ട് സ്വീകരിക്കുക. മുൻ കാലങ്ങളിൽ രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ വെടിക്കെട്ടും നടന്നിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇതിനുപകരം ലേസർ ഷോകളാണ് നടത്തിയിരുന്നത്.
നിസ്വ അടക്കമുള്ള നഗരങ്ങളിൽ സ്വദേശികളുടെ നൃത്തം അടക്കമുള്ള കലാപരിപാടികളും അരങ്ങേറിയിരുന്നു.ദേശീയ ദിനത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കൽ സാധാരണമാണ്. മുൻ കാലങ്ങളിൽ സ്വദേശികളും വിദേശികളും വ്യാപകമായി വാഹനങ്ങൾ അലങ്കരിക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വാഹന അലങ്കാരം തീരെ കുറവായിരുന്നു. പഴയ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെയും പുതിയ ഭരണാധികാരി സുൽത്താൻ ഹൈതമിന്റെയും ചിത്രങ്ങളും രാജ്യത്തിന്റെ ദേശീയ പതാകയും ദേശീയ ചിഹ്നങ്ങളും കൊണ്ടാണ് വാഹനങ്ങൾ അലങ്കരിക്കുന്നത്.
ദേശീയ ദിനത്തിന്റെ ഭാഗമായി നിരവധി അലങ്കാര വസ്തുക്കൾ വിപണിയിൽ എത്തിയിട്ടുണ്ട്. തൊപ്പി, ഷാളുകൾ, ടീ ഷർട്ടുകൾ, കൊടികൾ, കീ ചെയ്നുകൾ, പേനകൾ, വിവിധ തരം സ്റ്റിക്കറുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. മുൻ കാലങ്ങളിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മത്ര അടക്കമുള്ള പ്രധാന സൂഖുകളിൽ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.