ദേശീയ ദിനാഘോഷം: സൈനിക പരേഡ് അൽ സമൗദ് ക്യാമ്പിൽ; സുൽത്താൻ സല്യൂട്ട് സ്വീകരിക്കും
text_fieldsമസ്കത്ത്: രാജ്യത്തിന്റെ 54ാം ദേശീയദിനാഘോഷ ഭാഗമായുള്ള സൈനിക പരേഡ് അൽ സമൗദ് ക്യാമ്പിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ നടക്കും. ഒമാൻ ഭരണാധികാരിയും സർവ സൈന്യാധിപനുമായ സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സുൽത്താൻ അധികാരമേറ്റതിനുശേഷമുള്ള നാലാമത്തെ സൈനിക പരേഡാണ് ഈ വർഷം നടക്കാൻ പോകുന്നത്. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്റെ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ, സംയുക്ത സൈനിക മ്യൂസിക്കൽ ബാൻഡ് തുടങ്ങിയ വിഭാഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും.
കഴിഞ്ഞ വർഷം സൈനിക പരേഡ് ദാഖിലിയ ഗവർണറേറ്റിലെ ആദം എയർ ബേസിലായിരുന്നു നടന്നിരുന്നത്. ഫലസ്തീൻ യുദ്ധ പശ്ചാത്തലത്തിൽ ഔദ്യോഗിക ചടങ്ങുകളിൽ ഒതുങ്ങി മാത്രമായിരുന്നു ആഘോഷം.
അതേസമയം, ഇത്തവണ ആഘോഷങ്ങൾ ഏറെ പൊലിമയോടെയാണ് കൊണ്ടാടുന്നത്. രാജ്യത്തിന്റെ എല്ലാവിധ പ്രൗഢിയും വിളിച്ചോതുന്ന തരത്തിലുള്ള ആഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും.
ചെറുതും വലുതുമായ പട്ടണങ്ങളിലും നഗരങ്ങളിലുമൊക്കെ ദിവസങ്ങൾക്കുമുമ്പേ കൊടിതോരണങ്ങളും വൈദ്യുത വിളക്കുകൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. റോഡുകളിലും ഹൈവേകളിലും അലങ്കാര വിളക്കുകൾ മിഴി തുറന്ന് നിൽക്കുന്നത് ഉത്സവകാഴ്ചയാണ് നൽകുന്നത്.
ഫോട്ടോ എടുക്കാനും സെൽഫി എടുക്കാനുമൊക്കെയായി വൻ തിരക്കാണ് രാത്രി കാലങ്ങളിൽ പലയിടത്തും അുഭവപ്പെടുന്നത്. റോയല്‍ ഒപേറ ഹൗസ് ഉള്‍പ്പെടെ നഗരത്തിലെ വിവിധ കെട്ടിടങ്ങളാണ് മൂവര്‍ണ നിറങ്ങളില്‍ മിന്നുന്നത്. മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മദിനമാണ് ഒമാൻ ദേശീയ ദിനമായി കൊണ്ടാടുന്നത്. ദേശീയ ആഘോഷത്തിന്റെ ഭാഗമയി റാലികളും നടക്കും.
മൂന്നിടത്ത് കരിമരുന്ന് പ്രയോഗം നടത്തുമെന്ന് നാഷനൽ സെലിബ്രേഷൻസ് ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. നവംബർ 18ന് മസ്കത്തിലെ അൽ ഖൂദ്, സലാലയിലെ ഇത്തീൻ, 21ന് ഖസബിലെ ദബ്ദബ എന്നിവിടങ്ങളിൽ രാത്രി എട്ട് മണിക്ക് ആയിരിക്കും വെടിക്കെട്ടുകൾ നടക്കുക.
ചെറിയ ഒരു ഇടവേളക്കു ശേഷമാണ് ദേശീയദിനാഘോഷത്തിൽ കരിമരുന്ന് പ്രയോഗം തിരിച്ചെത്തുന്നത്. കഴിഞ്ഞ വർഷം ആഘോഷങ്ങൾ ഔദ്യോഗിക പരിപാടികളിൽ മാത്രം ഒതുങ്ങിയപ്പോൾ അതിനുമുന്നത്തെ വർഷം വെടിക്കെട്ടിന് പകരം ലേസർ ഷോകളായിരുന്നു നടത്തിയിരുന്നത്.
ദേശീയദിനത്തോടനുബന്ധിച്ചുള്ള പൊതുഅവധി കഴിഞ്ഞ ദിവസങ്ങൾ അധികൃതർ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 20, 21 തീയതികളിലാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അവധി നൽകിയിരിക്കുന്നത്. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പെടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക.
സൈനിക പരേഡിൽ രാജകുടുംബത്തിലെ അംഗങ്ങൾ, മന്ത്രിമാർ, സ്റ്റേറ്റ് കൗൺസിൽ, ശൂറ കൗൺസിൽ ചെയർമാൻമാർ, ഉപദേശകർ, സുൽത്താന്റെ ആംഡ് ഫോഴ്സിന്റെ (എസ്എഎഫ്) കമാൻഡർമാർ, സൈനിക, സുരക്ഷാ സേവനങ്ങളുടെ മേധാവികൾ, നയതന്ത്ര സേനാ മേധാവികൾ, അറബ്, വിദേശ രാജ്യങ്ങളിലെ നയതന്ത്ര സേനാ മേധാവികൾ, അണ്ടർ സെക്രട്ടറിമാർ, വിരമിച്ച സൈനിക മേധാവികൾ, ജഡ്ജിമാർ, പൊതുജനങ്ങൾ പ്രോസിക്യൂഷൻ ഡിപ്പാർട്ട്മെന്റ്, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർമാർ, വാലീകൾ, ഷെയ്ഖുമാർ, വിശിഷ്ട വ്യക്തികൾ തുടങ്ങിയ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.