ഒമാൻ എംബസികളിൽ മൂവർണത്തിളക്കത്തിൽ ദേശീയ ദിനാഘോഷം
text_fieldsമസ്കത്ത്: വിദേശ രാജ്യങ്ങളിലുള്ള ഒമാൻ എംബസികൾ സുൽത്താനേറ്റിന്റെ ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നെതർലൻഡ്സിലെ എംബസിയിൽ നടന്ന ആഘോഷപരിപാടികൾക്ക് ഒമാൻ അംബാസഡർ ശൈഖ് ഡോ. അബ്ദുല്ല ബിൻ സലിം അൽ ഹാർത്തി നേതൃത്വം നൽകി. സമാധാനം, സംഭാഷണം, സഹിഷ്ണുത എന്നിവയുടെ തത്ത്വങ്ങളെ അടിസ്ഥാനമാക്കി ഒമാനി വിദേശ നയത്തിന്റെ സ്തംഭങ്ങൾ പരിപാടിയിൽ വിശദീകരിച്ചു. സുൽത്താനേറ്റും നെതർലൻഡ്സും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ മേഖലകളിലെ വികസനവും, ഈ ബന്ധങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയും അംബാസഡർ എടുത്തു പറഞ്ഞു. സമ്പന്നമായ ഒമാനി സംസ്കാരവും പൈതൃകവും പ്രദർശിപ്പിക്കുന്ന സംഗീതപരിപാടികൾ ചടങ്ങിൽ അവതരിപ്പിച്ചു.
ഇറ്റലിയിലെ എംബസിയിൽ ഒമാൻ അംബാസഡർ സയ്യിദ് നിസാർ ബിൻ അൽ ജുലാന്ദ അൽ സഈദിന്റെ സാന്നിധ്യത്തിൽ ആഘോഷം സംഘടിപ്പിച്ചു. ഇറ്റാലിയൻ രാഷ്ട്രീയക്കാർ, പാർലമെന്റേറിയന്മാർ, സൗഹൃദ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര, സൈനിക കോർപ്സിലെ അംഗങ്ങൾ, ബുദ്ധിജീവികൾ, അക്കാദമിക് വിദഗ്ധർ, പൊതുപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജപ്പാനിലെ ഒമാൻ അംബാസഡർ ഡോ. മുഹമ്മദ് ബിൻ സഈദ് അൽ ബുസൈദിയുടെ സാന്നിധ്യത്തിൽ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ജപ്പാൻ വിദേശകാര്യ സഹമന്ത്രി മിയാഗി തകുമ പങ്കെടുത്തു.
അറബ്, വിദേശ രാജ്യങ്ങളിലെ അംബാസഡർമാർ, ഒമാനിലെ മുൻ ജാപ്പനീസ് അംബാസഡർമാർ, ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം, സാമ്പത്തിക, വാണിജ്യ, വ്യവസായ മന്ത്രാലയം, പ്രകൃതിവിഭവങ്ങൾക്കായുള്ള ഏജൻസി, മിഡിലീസ്റ്റ് വകുപ്പുകളുടെ ഡയറക്ടർമാർ, ഊർജം, മാരിടൈം, എയർ ആൻഡ് ലാൻഡ് സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ നേതാക്കൾ, ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ്, ജാപ്പനീസ് കമ്പനികളുടെ പ്രതിനിധികൾ, ജാപ്പനീസ് സർവകലാശാലകളിലെ എക്സിക്യൂട്ടിവുകളും ബിസിനസുകാരും, പത്രപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, ഒമാനി വിദ്യാർഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ഒമാൻ അംബാസഡർ ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് അൽ ഷൻഫാരിയുടെ സാന്നിധ്യത്തിൽ സ്വീകരണ പരിപാടി നടത്തി. കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ അഫയേഴ്സ് മന്ത്രിയും ഇന്തോനേഷ്യയുടെ മുൻ വൈസ് പ്രസിഡന്റിനുമായിരുന്ന മെയുത്യ ഹാഫിദ് മുഖ്യാതിഥിയായി. മുതിർന്ന ഉദ്യോഗസ്ഥർ, ഇന്തോനേഷ്യൻ പാർലമെന്റിലെയും ജനപ്രതിനിധിസഭയിലെയും അംഗങ്ങൾ, ഇന്തോനേഷ്യയിലെ അറബ്, വിദേശ ദൗത്യങ്ങളുടെ തലവന്മാർ, പൊതു-സ്വകാര്യ മേഖലകളിൽനിന്നുള്ള നിരവധി ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബംഗ്ലാദേശിലെ ധാക്കയിൽ ഒമാൻ അംബാസഡർ അബ്ദുൽ ഗഫാർ ബിൻ അബ്ദുൽ കരീം അൽ ബലൂഷിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
ചടങ്ങിൽ നിയമ, നീതിന്യായ, പാർലമെന്ററി കാര്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. ആസിഫ് നസ്റുൽ, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യ ഡിപ്പാർട്മെന്റ്, പ്രോട്ടോക്കോൾ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അറബ്, വിദേശ രാജ്യങ്ങളിലെ അംബാസഡർമാർ, അന്താരാഷ്ട്ര സംഘടനകളുടെ തലവൻമാർ, പ്രതിനിധികൾ, നയതന്ത്രജ്ഞർ, വ്യവസായികൾ, സർക്കാർ, സൈനിക ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, പണ്ഡിതർ, മതപ്രഭാഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരും സംബന്ധിച്ചു.
കുവൈത്തിൽ ഒമാൻ അംബാസഡർ ഡോ. സാലിഹ് ബിൻ അമർ അൽ ഖറൂസി ആഘോഷത്തിന് നേതൃത്വം നൽകി. ആക്ടിങ് പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ്, ഭരണകുടുംബാംഗങ്ങൾ, കുവൈത്ത് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥർ, മന്ത്രിമാർ, അമീരി ദിവാനിലെ ഉപദേശകർ, നയതന്ത്രജ്ഞർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈജിപ്തിലെ കൈറോയിൽ ഒമാൻ അംബാസഡർ അബ്ദുല്ല ബിൻ നാസർ അൽ റഹ്ബിയുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. ചടങ്ങിൽ നിരവധി മന്ത്രിമാർ, സൈനിക മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ, ബുദ്ധിജീവികൾ, എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ, ഈജിപ്ഷ്യൻ കലാകാരന്മാർ, ഒമാനി പൗരന്മാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.