ദേശീയ ദിനം: സലാലയിൽ 54 കിലോമീറ്റർ നടത്തം സംഘടിപ്പിച്ച് ഫാസ് സ്പോർട്സ്
text_fieldsസലാല: ഒമാന്റെ 54ാം ദേശീയ ദിനത്തോടനുബന്ധിച്ച് സലാലയിൽനിന്ന് മുഗ്സൈൽ ബീച്ചിലേക്ക് നടത്തം ഒരുക്കി ഫാസ് സ്പോർട്സ്. ലൈഫ് ലൈൻ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച നടത്തത്തിൽ 42 പേരാണ് പങ്കെടുത്തത്. 12 പേർ മുഗ്സൈൽ വരെ നടന്നു പൂർത്തിയാക്കി. ഇന്ത്യൻ സ്കൂൾ കായികാധ്യാപകനായ ഈശ്വർ ദേശ്മുഖാണ് നടത്തത്തിന് നേതൃത്വം നൽകിയയത്. സ്കൂൾ വിദ്യാർഥികളായ സുനൈറ, റാഷിദ പർവീൻ, ജസ്റ്റിൻ ജോൺ, ശ്രാവൺ ക്യഷ്ണ, നരേഷ് മണ്ടല, ശ്രിഹരി അശോക് എന്നിവരും നടത്തം പൂർത്തിയാക്കി. 66കാരനായ ഗിരിജ വല്ലഭൻ നായർ 42 കിലോമീറ്റർ ദൂരവും നടന്നു. രാവിലെ നാല് മണിക്ക് ലൈഫ് ലൈൻ ഹോസ്പിറ്റലിൽ നിന്നാരംഭിച്ച നടത്തം കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനനാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖും സംബന്ധിച്ചു. ഇവരടങ്ങിയ സംഘം റൈസൂത്ത് വരെ നടക്കുകയും ചെയ്തു.
ദേശീയ ദിനാഘോഷ ഭാഗമായി ഒരുക്കിയ നടത്തത്തിൽ സ്ത്രീകൾ ഉൾപ്പടെ നിരവധി പേർ ഭാഗികമായി പങ്കെടുത്തു. നടത്തത്തിൽ നേരത്തെ രജിസ്റ്റർ ചെയ്ത് പങ്കാളികളായവർക്ക് പ്രാഥമിക ആരോഗ്യ പരിശോധനകൾ നടത്തുകയും ടീഷർട്ട് നൽകുകയും ചെയ്തു. ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽനിന്ന് മികച്ച പിന്തുണയാണ് നടത്തത്തിന് ലഭിച്ചത്. ആംബുലൻസും നിരവധി വാഹനങ്ങളും നടത്തസംഘത്തെ അനുഗമിച്ചിരുന്നു.
മുഗ്സൈൽ ബീച്ചിൽ ആദ്യം നടന്നെത്തിയത് ഈശ്വർ ദേശ്മുഖും അനീഷും അടങ്ങുന്ന സംഘമാണ്. പിന്നീട് ബാക്കിയുള്ളവർ പൂർത്തിയാക്കി. സമാപന ചടങ്ങിൽ ഈശ്വർ ദേശ്മുഖിന് ലൈഫ് ലൈൻ ഓപറേഷൻ മാനേജർ അബ്ദുറഷീദ് ഉപഹാരം സമ്മാനിച്ചു. അതിഥികളായിരുന്ന ഡോ. കെ.സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ് എന്നിവർ ആശംസകൾ നേർന്നു. നടത്തം പൂർത്തിയാക്കിയവർക്ക് കേരള വിങ് കൺവിനർ ഡോ.ഷാജി പി. ശ്രീധർ, പ്രവാസി വെൽഫയർ പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് റിഷാൽ, അൻസാർ മുഹമ്മദ് തുടങ്ങിയവർ ഉപഹാരം സമ്മാനിച്ചു.
ഫാസ് ഡയറക്ടർ ജംഷാദ് അലി, അഹമ്മദ് ഷബീർ, ഷബീർ കെ.എൻ അമീർ കല്ലാച്ചി, റിജുരാജ്, മാഹീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.