ദേശീയദിനാഘോഷം: ഒമാനിൽ വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി
text_fieldsമസ്കത്ത്: രാജ്യത്തിന്റെ 52ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് അനുമതി നല്കി. പൊലീസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നവംബര്‍ 30വരെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് ഉപയോഗിക്കാം. വിന്‍ഡോ ഗ്ലാസ്, നമ്പര്‍ പ്ലേറ്റ്, ലൈറ്റുകള്‍ എന്നിവിടങ്ങളിൽ സ്റ്റിക്കറുകള്‍ പതിക്കരുത്. പിന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന സ്റ്റിക്കര്‍ ഡ്രൈവര്‍ക്ക് പിന്‍വശത്തെ വിന്‍ഡോയിലെ ചിത്രങ്ങള്‍ കാണാന്‍ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കണം. ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ളവ നിരോധിച്ചിട്ടുണ്ട്. ദേശീയ ചിഹ്നങ്ങൾ സ്റ്റിക്കറായി പതിക്കാൻ പാടില്ല. വിധ്വംസകമോ മൂല്യരഹിതമോ ആയ വാക്കുകൾ ഉപയോഗിക്കരുത്. പാറിപ്പറക്കുന്ന തുണിത്തരങ്ങൾ എൻജിൻ കവറിൽ സ്ഥാപിക്കാനും പാടില്ല. ഈ കാലയളവില്‍ വാഹനത്തിന്റെ നിറം മാറ്റാന്‍ അനുമതി ഇല്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.
മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെ മരണം, കോവിഡ് നിയന്ത്രണം എന്നിവ കാരണം കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി രാജ്യത്ത് വിപുലമായ രീതിയിൽ ദേശീയദിനാഘോഷ പരിപാടികൾ നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ കാറുകളുടെ അലങ്കാരങ്ങളും മറ്റും കുറവായിരുന്നു. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളിലാത്ത ദേശീയ ആഘോഷങ്ങൾക്കാണ് രാജ്യം ഒരുങ്ങുന്നത്. അതിനാൽ ഇത്തവണ വിദേശികളും സ്വദേശികളുമടക്കം നിരവധിപേർ കാർ അലങ്കരിക്കാനെത്തുമെന്നാണ് ഈ മേഖലയിലെ വ്യാപാരികൾ കണക്കുകൂട്ടുന്നത്.
സ്റ്റിക്കറുകളും മറ്റും ദുബൈയിൽനിന്ന് വിപണിയിൽ എത്തിയിട്ടുണ്ട്. പഴയ സുൽത്താന്റെയും പുതിയ ഭരണാധികാരിയുടെയും വർണചിത്രങ്ങളുള്ള നൂറുകണക്കിന് സ്റ്റിക്കറുകളാണ് തയാറായിരിക്കുന്നത്. മുൻവർഷങ്ങളിൽ ദേശീയദിനത്തിന്റെ ഭാഗമായി സ്വദേശികളും വിദേശികളും വ്യാപകമായി വാഹനങ്ങൾ അലങ്കരിക്കാറുണ്ട്. നവംബർ ആദ്യ വാരത്തോടെതന്നെ അലങ്കരിച്ച വാഹനങ്ങളുടെ നീണ്ട നിരകൾ റോഡുകളിൽ കാണാമായിരുന്നു. സ്വദേശികളിൽ നല്ല ശതമാനവും വാഹനങ്ങൾ അലങ്കരിക്കുന്നവരാണ്. അതോടൊപ്പം നിരവധി വിദേശികളും വാഹനങ്ങൾ അലങ്കരിച്ചിരുന്നു. അതിനാൽ, നവംബർ മാസം സ്റ്റിക്കറുകൾ പതിക്കുന്ന സ്ഥാപനങ്ങൾക്ക് കൊയ്ത്തുകാലമായിരുന്നു.
രാപ്പകൽ ഭേദമില്ലാതെയാണ് സീസണിൽ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. വാഹനങ്ങൾ പൂർണമായി അലങ്കരിക്കുന്നതിനും ഭാഗികമായി അലങ്കരിക്കുന്നതിനും പ്രത്യേക നിരക്കുകളാണ് ഇത്തരം സ്ഥാപനങ്ങൾ ഈടാക്കിയിരുന്നത്.
അതിനാൽ തന്നെ സ്റ്റിക്കറുകൾ പ്രിൻറു ചെയ്യുന്നവർ, വാഹനത്തിൽ ഒട്ടിക്കുന്നവർ, വിതരണം ചെയ്യുന്നവർ അടക്കം ഈ മേഖലയിലെ എല്ലാവരും നവംബറിൽ പണം കൊയ്തു. എന്നാൽ, കഴിഞ്ഞ ചില വർഷങ്ങളായി വാഹന അലങ്കരം കുറഞ്ഞിട്ടുണ്ട്. നവംബർ 18നാണ് രാജ്യത്ത് ദേശീയദിനം ആഘോഷിക്കുന്നത്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞദിവസം അധികൃതർ ലോഗോ പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.