ദേശീയ ദിനാഘോഷ പൊതു അവധി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്
text_fieldsമസ്കത്ത്: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പൊതു അവധി തുടങ്ങിയതോടെ രാജ്യത്തെ വിവിധ ടൂറിസം സ്ഥലങ്ങളിൽ തിരക്കേറി. ചൂട് കുറഞ്ഞ അനുകൂലമായ കാലാവസ്ഥ മുതലാക്കിയാണ് സ്വദേശികളും വിദേശികളുമടക്കമുള്ളവർ കൂട്ടത്തോടെ കുടുംബവുമായി ടൂറിസം സ്ഥലങ്ങളിൽ എത്തിയത്. പ്രധാന കോട്ടകളിലും ബീച്ചുകളിലും തിരക്ക് പതിൻമടങ്ങായി.
അവധി ആരംഭിച്ചേതാടെ സംഘടനകളും കൂട്ടായ്മകളും പിക്നിക്കുകളും അവധി യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. വാദീ ബനീ ഖാലിദ്, സൂറിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ, വദീ ഹുകൈൻ, ജബൽ അഖ്ദർ, നിസ്വ, നിസ്വ കോട്ട എന്നിവിടങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ബീച്ചുകളിലും പാർക്കുകളിലും എത്തിയ കുടുംബങ്ങൾ പലവിധ വിനോദങ്ങളിൽ ഏർപ്പെട്ടു. കുറച്ചു കാലമായി മന്ദഗതിയിലായിരുന്ന അമ്യൂസ്മെന്റ് പാർക്കിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളുടെയും മറ്റും ആരവങ്ങളിൽ മുഴുകി. സ്വദേശികളും വിദേശികളും ദുബൈ അടക്കമുള്ള നഗരങ്ങളിലേക്കും കഴിഞ്ഞ ദിവസങ്ങളിൽ യാത്ര തിരിച്ചിട്ടുണ്ട്. അതിർത്തികളിൽ നല്ല തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. അവധി മുതലെടുത്ത് ചില മലയാളി പ്രവാസികൾ ചിലർ നാട്ടിലേക്കും തിരിച്ചിട്ടുണ്ട്.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ 11,800 സന്ദർശകരാണ് എത്തിയത്. മ്യൂസിയം എക്സിബിഷൻ ഹാളുകൾ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴുവരെ സന്ദർശകരെ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതു ഗതാഗത മേഖലയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രധാന പൊതുഗതാഗത സംവിധാനമായ മുവാസലാത്തിലും വൻ തിരക്ക് അനുഭവപ്പെട്ടു. റൂവി ബസ്സ്റ്റാൻഡിലും പരിസരത്തും സാമാന്യം ഭേദപ്പെട്ട തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
തിരക്ക് കുറക്കാൻ കൂടുതൽ സർവിസുകൾ ഒരുക്കുന്നതടക്കമുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു. രാത്രി ഏറെ വൈകുന്നത് വരെ ടാക്സികൾ സർവിസ് നടത്തി. അതേസമയം, ബീച്ചുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തുന്നവർക്ക് മസ്കത്ത് മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. മാലിന്യം തള്ളുന്നത് ആവർത്തിച്ചാൽ പിഴ ഇരട്ടിയായി ചുമത്തും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം കൊണ്ടുവന്നിടുന്നതിന് കുട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ചിലയാളുകൾ ഇത്തരം കുട്ടകളിൽ കൊണ്ടുവന്നിടുന്നതിന് പകരം പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി തള്ളുന്ന രീതിയാണ് കണ്ടുവരുന്നത്. ഓരോ അവധി കഴിയുമ്പോഴും മസ്കത്ത് മുനിസിപ്പാലിറ്റി ജീവനക്കാർ വളരെ സാഹസപ്പെട്ടാണ് മാലിന്യങ്ങൾ നീക്കാറുള്ളത്. ബീച്ചിൽ വാഹനമോടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി.
കടൽത്തീരത്ത് അനധികൃതമായി കാറുകളും ബൈക്കുകളും ഓടിച്ചാൽ പിഴയോ രണ്ട് മാസം വരെ തടവോ ലഭിക്കാവുന്ന ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് മുനിസിപ്പാലിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. മസ്കത്ത് ഗവർണറേറ്റിലെ ചില ബീച്ചുകളിൽ ഇത്തരത്തിൽ വാഹനമോടിക്കുന്നത് കണ്ടുവരാറുണ്ട്. സുരക്ഷയും ബീച്ചിന്റെ സംരക്ഷണവും കണക്കിലെടുത്താണ് മുനിസിപ്പാലിറ്റിയുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.