ആഘോഷങ്ങൾ അവസാനത്തിലേക്ക്; വാഹന അലങ്കാരം നീക്കി
text_fieldsമസ്കത്ത്: 52ാം ദേശീയ ദിന ആഘോഷങ്ങൾ അവസാനത്തിലേക്ക് നീങ്ങുന്നു. ആഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കാൻ അധികൃതർ നൽകിയ സമയപരിധി ബുധനാഴ്ച അവസാനിച്ചു. വ്യാഴാഴ്ച മുതൽ വാഹനങ്ങളിൽ അലങ്കാരം ഉണ്ടാവുന്നത് നിയമ വിരുദ്ധമാവും.
ഈ വർഷം കഴിഞ്ഞ കൊല്ലത്തേക്കാൾ കൂടുതൽ പേർ വാഹനം അലങ്കരിച്ചിരുന്നതായി ഈ മേഖലയുമായി ബന്ധപ്പെട്ട വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി കാരണം വാഹനം അലങ്കരിച്ചവരുടെ എണ്ണം തീരെ കുറവായിരുന്നു. എന്നാൽ, ഈ വർഷം വാഹനം അലങ്കരിക്കുന്നവരുടെ എണ്ണം താരതമ്യേന വർധിച്ചിട്ടുണ്ട്. എന്നാൽ, വാഹന അലങ്കാരത്തിന്റെ ചെലവ് തീരെ കുറച്ചിട്ടും വേണ്ടത്ര പ്രതികരണമുണ്ടായിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് നാലിൽ ഒന്നും അഞ്ചിൽ ഒന്നും നിരക്കുകളാണ് ഈ വർഷം ഈടാക്കിയിരുന്നത്. എന്നാലും അലങ്കരിക്കുന്നവർ കുറവായതായി ഈ മേഖലയിലുള്ളവർ പറയുന്നു. പൊതുജനങ്ങളുടെ പണം ചെലവാക്കുന്ന രീതിയിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. വാഹനങ്ങൾ അലങ്കരിക്കുന്നതിൽ പൊതുവെ വിമുഖതയാണുള്ളത്. അലങ്കരിക്കുന്നവർ തന്നെ ലളിതമായ രീതിയാണ് നടത്തുന്നത്. വാഹനം മുഴുവൻ പല വർണങ്ങളിൽ അലങ്കരിക്കുന്ന പഴയ രീതി മാറിയിരിക്കുന്നു.
പലരും ഒമാൻ പതാക മാത്രമാണ് കെട്ടുന്നത്. പഴയ സുൽത്താന്റെയും പുതിയ സുൽത്താന്റെയും ഫോട്ടോകൾ ഒട്ടിക്കുന്നവരുമുണ്ട്. ലളിതമായ രീതിയിൽ 52 എന്ന എംബ്ലം മാത്രം ഒട്ടിക്കുന്നവരുമുണ്ട്. മുൻ കാലങ്ങളിൽ ദേശീയദിനത്തിന്റെ ഭാഗമായി വാഹനം അലങ്കരിക്കൽ വ്യാപകമായിരുന്നു. സ്വദേശികളുടെയും വിദേശികളുടെ ഏതാണ്ടെല്ലാ വാഹനങ്ങളും അലങ്കരിച്ചിരുന്നു. അലങ്കരിച്ച വാഹനങ്ങൾ കൂട്ടമായി റോഡിലൂടെ നീങ്ങുന്ന കാഴ്ച മനോഹരമായിരുന്നു. വാഹനങ്ങളിൽ അലങ്കാരം നടത്തുന്ന സ്ഥാപനങ്ങൾ നടത്തിയിരുന്നവരിൽ അധികവും മലയാളികളുമായിരുന്നു. ഇത്തരക്കാർ നല്ല സാമ്പത്തിക ലാഭവും അക്കാലങ്ങളിൽ ഉണ്ടാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വാഹന അലങ്കാര കമ്പം കുറഞ്ഞു വരുകയായിരുന്നു. ഇതോടെ ഈ മേഖലയിൽ നിന്ന് കിട്ടുന്ന വരുമാനവും തീരെ കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.