നാഷനൽ ഓപൺ സ്കൂളിങ്; പ്രവാസികൾക്ക് കഴുത്തറപ്പൻ ഫീസ്
text_fieldsമസ്കത്ത്: പ്രവാസി വിദ്യാർഥികളിൽനിന്ന് കഴുത്തറപ്പൻ ഫീസ് ഈടാക്കി കേന്ദ്ര സർക്കാറിന് കീഴിലെ നാഷനൽ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് (എൻ.ഒ.ഐ.എസ്). സെക്കൻഡറി തല തുല്യത പരീക്ഷ എഴുതാൻ 1800 രൂപയുടെ പരീക്ഷാ ഫീസിന് പകരം ഗൾഫിലെ പഠിതാക്കളിൽനിന്ന് ഈടാക്കുന്നത് ഏതാണ്ട് 70,000 രൂപ.
ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് 80,000 രൂപയാണ് ഫീസ്. തുടർ പഠനത്തിന് ശ്രമിക്കുന്ന ഗൾഫ് പ്രവാസികളെ ഫീസിലെ ഈ അന്തരം വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങിന്റെ വെബ്സൈറ്റിലാണ് പ്രവാസി വിദ്യാർഥികൾ തുടർ പഠനത്തിന് നൽകേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഡോളർ അടിസ്ഥാനമാക്കിയാണ് ഗൾഫിലെ വിദ്യാർഥികളുടെ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
അഞ്ച് വിഷയങ്ങൾ പഠിച്ച് പത്താംക്ലാസിന്റെ തുല്യതാ പരീക്ഷയെഴുതാൻ നാട്ടിലെ വിദ്യാർഥികളിൽനിന്ന് ഓപൺ സ്കൂൾ ഈടാക്കുന്നത് 1800 രൂപമാത്രമാണ്. എന്നാൽ ഗൾഫ് നാടുകളിൽനിന്ന് ഇതേ പരീക്ഷയെഴുതുന്നവർ നൽകേണ്ട ഫീസ് 840 ഡോളർ അഥവാ 70,000 രൂപയിലേറെയാണ്. 38 മടങ്ങ് ഉയർന്ന തുകയാണ് ഗൾഫിലെ പഠിതാക്കളിൽനിന്ന് കേന്ദ്ര സർക്കാർ ഈടാക്കുന്നത്.
പല കാരണങ്ങളാൽ പഠനം മുടങ്ങി പ്രവാസത്തിലേക്കെത്തിയ സാധാരണക്കാരാണ് തുടർപഠനം എന്ന സ്വപ്നവുമായി നാഷനൽ ഓപണൽ സ്കൂളിലെ ആശ്രയിക്കുന്നത്. ഇവർക്ക് വൻ തിരിച്ചടിയാണ് സർക്കാർ നടപടിയെന്ന് വിദ്യാഭ്യാസ പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.