നാഷനല്‍ പ്രവാസി സാഹിത്യോത്സവ് നാളെ സലാലയില്‍
text_fieldsമസ്കത്ത്: പ്രവാസി മലയാളികളുടെ കലാ, സാഹിത്യ അഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്.എസ്.സി) ഒമാന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവിന്റെ 13ാമത് പതിപ്പ് വെള്ളിയാഴ്ച സലാലയില്‍ നടക്കും. രാവിലെ 8.30 മുതല്‍ സഹല്‍നൂത്ത് ഫാം ഹൗസില്‍ കലാമാമാങ്കത്തിന് തുടക്കം കുറിക്കും. സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം രാത്രി ഏഴു മണിക്ക് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.
പ്രമുഖ സാഹിത്യകാരന് പി. സുരേന്ദ്രന് മുഖ്യാതിഥിയാവും. ഒമാനിലെ മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സംബന്ധിക്കും. യൂനിറ്റ്, സെക്ടര്‍ മത്സരങ്ങളില്‍ ജേതാക്കളായി സോണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുന്നൂറോളം പ്രതിഭകളാണ് നാഷനല്‍ മത്സരത്തില്‍ മാറ്റുരക്കുന്നത്. നാഷനൽ സാഹിത്യോത്സവിന് മസ്കത്ത്, ബൗഷര്‍, സീബ്, ബര്‍ക, സുഹാര്‍, നിസ്വ, ഇബ്ര, സലാല, ജഅലാന്‍ തുടങ്ങിയ ഒമ്പത് സോണുകളില്‍നിന്ന് മത്സരാര്ഥികളെത്തും. ജൂനിയര്‍, സെക്കൻഡറി, സീനിയര്‍, ജനറല്‍ തുടങ്ങി കാറ്റഗറികളിലായി ആണ്, പെണ് വിഭാഗങ്ങളുടെ 60 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
സാഹിത്യോത്സവിൽ പങ്കെടുക്കുന്നവർക്ക് ആർ.എസ്.സി നാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക ബസുകൾ ഇന്ന് വൈകീട്ട് റൂവി, റുസൈൽ, ബറക, നിസ്വ എന്നിവിടങ്ങളിൽനിന്ന് പുറപ്പെടും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് വ്യത്യസ്ത സമയങ്ങളിലായി പുറപ്പെടുന്ന ബസുകളിൽ സലാലയിലേക്ക് യാത്ര തിരിക്കുക. നാഷനല്‍ സാഹിത്യോത്സവിനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയതായി ആര്.എസ്.സി ഒമാന്‍ നാഷനല്‍ ചെയര്മാന് കെ.പി.എ. വഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ടി.കെ. മുനീബ്, നാഷനല്‍ എക്സിക്യൂട്ടിവ് സെക്രട്ടറി വി.എം. ശരീഫ് സഅദി, സ്വാഗതസംഘം ചെയര്മാന് നാസിറുദ്ദീന്‍ സഖാഫി കോട്ടയം, ജനറല്‍ കണ്‍വീനര്‍ നാസര്‍ ലത്തീഫി എന്നിവര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.