സാംക്രമികേതര രോഗങ്ങളുടെ ദേശീയ സർവേക്ക് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: ദേശീയ സാംക്രമികേതര രോഗങ്ങളുടെ (എൻ.സി.ഡി) ദേശീയ സർവേക്ക് ഞായറാഴ്ച മുതൽ തുടക്കമാകും. രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാംക്രമികേതര രോഗങ്ങളുടെ അപകടസാധ്യത കുറക്കുന്നതിനും രോഗ പരിപാലനം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് സർവേ നടത്തുന്നത്.
15വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാരും താമസക്കാരും ഫീൽഡ് വർക്ക് ടീമുകളുമായി പൂർണ്ണമായി സഹകരിക്കമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ അഭ്യാർഥിച്ചു.
ദേശീയതലത്തിലും ആഗോളതലത്തിലും ആരോഗ്യമേഖലകൾക്ക് വെല്ലുവിളിയായി തുടരുന്നതും കാര്യമായ സ്വാധീനം ചെലുത്തുന്നതുമായ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, അർബുദം എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുടെ വ്യാപനത്തെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളെക്കുറിച്ചും കൃത്യവും സമഗ്രവുമായ വിവരങ്ങൾ ശേഖരിക്കാനാണ് സർവേ ശ്രമിക്കുന്നത്.
ഈ പദ്ധതിയിലൂടെ നിലവിലെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്താനും മുൻഗണനകൾ നിശ്ചയിക്കാനും കഴിയുമെന്ന് ആരോഗ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
എൻ.സി.ഡികൾ തടയുന്നതിനും അവയുമായി ബന്ധപ്പെട്ട ആരോഗ്യ-സാമ്പത്തിക ബാധ്യതകൾ കുറക്കുന്നതിനും ലക്ഷ്യമിട്ടുള്ള നൂതന ആരോഗ്യ നയങ്ങളും പരിപാടികളും വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായി ഈ ഡാറ്റ ഉപയോഗിക്കും. ഓരോ പങ്കാളിത്തവും നിലവിലെയും ഭാവിയിലെയും തലമുറകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഒമാന്റെ ഭാവി കാഴ്ചപ്പാട് കൈവരിക്കുന്നതിന് പൊതുജനാരോഗ്യത്തിൽ നിക്ഷേപം വർധിപ്പിക്കുന്നതിനുമുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.