നാഷനൽ യൂനിവേഴ്സിറ്റി: 1215 വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു
text_fieldsമസ്കത്ത്: നാഷനൽ സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിയുടെ 2021-2022 വർഷത്തെ ബിരുദദാന ചടങ്ങ് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ മദീനത്ത് അൽ ഇർഫാൻ തിയറ്ററിൽ നടന്നു. 1215 ബിരുദധാരികളെ ചടങ്ങിൽ ആദരിച്ചു. ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി. ദേശീയഗാനത്തിനു ശേഷം ഖുർആൻ പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. പി. മുഹമ്മദലി സ്വാഗതം പറഞ്ഞു. മാതാപിതാക്കളെയും സ്പോൺസർമാരെയും അഭിനന്ദിച്ച അദ്ദേഹം ബിരുദധാരികളോട് പഠനം തുടരാനും സ്വയം വികസിപ്പിക്കാനും സമൂഹത്തിൽ അവരുടെ പങ്ക് ഫലപ്രദമായി വിനിയോഗിക്കാനും ഉപദേശിച്ചു. സമൂഹത്തെ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും സേവിക്കണമെന്ന് ബിരുദധാരികളെ അഭിനന്ദിച്ച് സംസാരിച്ച വൈസ് ചാൻസലർ ഡോ. അലി അൽ ബിമാനി പറഞ്ഞു.
ചടങ്ങിൽ, മികച്ച അക്കാദമിക് നേട്ടങ്ങളും മറ്റും കൈവരിച്ച 27 വിദ്യാർഥികൾക്ക് പ്രത്യേക അവാർഡുകളും സമ്മാനിച്ചു. സമൂഹ മൂല്യങ്ങളിലൂന്നി വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള അന്തർദേശീയമായി അംഗീകരിക്കപ്പെട്ട സ്ഥാപനമായി മാറുന്നതിനുള്ള തയാറെടുപ്പിലാണ് നാഷനൽ യൂനിവേഴ്സിറ്റി. അംബാസഡർമാർ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യാതിഥികളെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.പി. മുഹമ്മദ് അലി, വി.സി. ഡോ. അലി അൽ ബിമാനി എന്നിവർ ആദരിച്ചു. സർവകലാശാല ഡി.വി.സി.പി ഡോ. സലീം ഖമീസ് അൽ അറൈമി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.