പ്രകൃതി ദുരന്ത മുന്നറിയിപ്പ് മൊബൈലിൽ; പരീക്ഷണ പ്രവർത്തനങ്ങൾ തുടരുന്നു
text_fieldsമസ്കത്ത്: പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മൊബൈലിലൂടെ നേരത്തെ മുന്നറിയിപ്പ് നൽകുന്ന സേവനങ്ങൾ രണ്ട് ഗവർണറേറ്റുകളിൽ കൂടി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി. തെക്കൻ ശർഖിയയിലെ സുർ, ജഅലാൻ ബാനി ബു അലി, ജഅലാൻ ബാനി ബു ഹസൻ, മസീറ എന്നീ വിലായത്തുകളിലും മസ്‌കത്തിലെ സീബ്, ബൗഷർ, മത്ര, ഖുറിയാത്ത് തുടങ്ങിയ വിലായത്തുകളിലുമാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സന്ദേശങ്ങൾ അയച്ച് തുടങ്ങിയത്.
സന്ദേശങ്ങൾ കഴിയുന്നത്ര വേഗത്തിൽ ആളുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണിത്. ഈ മാസത്തിന്‍റെ തുടക്കത്തിൽ തെക്കൻ ബാത്തിനയിലെ മുസന്ന വിലായത്തിലും സേവനങ്ങൾ നൽകിയിരുന്നു. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ), സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും കമ്യൂണിക്കേഷൻ സർവിസ് പ്രൊവൈഡർമാരുമായും സഹകരിച്ചാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. മേയ് 17ന് ദോഫാറിലെ സലാല, താഖ, മിർബത്ത്, റഖ്യുത്, ധാൽഖൂത്, ഷാലീം ഹല്ലാനിയത്ത് ദ്വീപുകൾ, സാദാ എന്നീ വിലായത്തുകളിലുമായിരിക്കും സന്ദേശങ്ങൾ അയക്കുക.
ജൂൺ 13ന് വടക്കൻ ബാത്തിനയിലും 14ന് തെക്കൻ ബാത്തിനയിലും 15ന് മുസന്ദത്തും പരീക്ഷണ പ്രവർത്തനങ്ങൾ നൽകുമെന്ന് ട്രാ പറഞ്ഞു. മുന്നറിയിപ്പ് സന്ദേശത്തിന്റെ ഉള്ളടക്കത്തിലെ ലിങ്കിൽ ക്ലിക്കു ചെയ്ത്, സന്ദേശം വരിക്കാരന് എത്തിയെന്ന് സ്ഥിരീകരണം നൽകണം. നിലവിൽ ഒമാൻടെൽ, ഉരീദോ വരിക്കാർക്കാണ് സന്ദേശം ലഭിക്കുക. വോഡഫോൺ ഈ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കാത്തവർ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ലിങ്ക് വഴി അറിയിക്കണമെന്ന് അതോറിറ്റി സൂചിപ്പിച്ചു. പൊതുജന സുരക്ഷയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പും വർധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് ഈ സംരംഭം.
സന്ദേശങ്ങൾ അയക്കുന്ന ടെലികമ്യൂണിക്കേഷൻ സേവന ദാതാക്കളുടെയും സഹകരണത്തോടെ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു എന്നീ ഭാഷകളിലാണ് മൊബൈൽ ഫോണുകൾ വഴി മുന്നറിയിപ്പ് നൽകുന്നത്. ഈ സേവനത്തെക്കുറിച്ചുള്ള ബോധവത്കരണ കാമ്പയിൻ ദിവസങ്ങൾക്ക് മുമ്പ് നടന്നിരുന്നു. കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പ് ഏത് പ്രദേശത്താണോ ലക്ഷ്യംവെക്കുന്നത് അവിടുത്തെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ പുതിയ ബ്രോഡ്കാസ്റ്റ് സേവനം സഹായിക്കും. ഇത് എല്ലാ മൊബൈൽ ഉപയോക്താക്കളും ആക്ടിവേറ്റ് ചെയ്യണമെന്ന് ‘ട്രാ’ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്ടിവേറ്റ് ചെയ്യേണ്ട രീതിയെകുറിച്ചുള്ള വിഡിയോയും ഇറക്കിയിരുന്നു.
വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇടക്കിടെ വിധേയമാകുന്ന സ്ഥലമാണ് സുൽത്താനേറ്റ്. ഇത്തരം ജാഗ്രതാ അറിയിപ്പ് സംവിധാനം നിരവധി മനുഷ്യജീവനുകൾ രക്ഷിക്കാനും നാശനഷ്ടങ്ങൾ കുറക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് തെക്കൻ ബാത്തിനയിലെ മുസന്ന വിലായത്തിൽ സന്ദേശങ്ങൾ പരീക്ഷണ അടിസ്ഥാനത്തിൽ അയച്ച് തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.