വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണം
text_fieldsമസ്കത്ത്: റമദാൻ മാസത്തിന്റെ ആദ്യദിനങ്ങളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പൊലീസ്. റമദാനിലെ ആദ്യ ദിവസങ്ങളിൽ അപകടങ്ങൾ വർധിക്കാറുണ്ട്. ഇക്കാരണത്താലാണ് ഡ്രൈവർമാർക്ക് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. പുണ്യമാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അപകടങ്ങളിൽ വലിയൊരു ശതമാനവും വാഹനമോടിക്കുന്നതിലെ ശ്രദ്ധക്കുറവും ക്ഷീണവും ഉറക്കക്കുറവുമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
റോഡിലുള്ള മറ്റൊരാൾക്ക് തെറ്റ് സംഭവിക്കാനും അപകടത്തിനും സാധ്യതയുണ്ടെന്ന് കരുതി എപ്പോഴും ഡിഫൻസീവ് ഡ്രൈവിങ് പിന്തുടരണമെന്ന് ആർ.ഒ.പി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇങ്ങനെ ഒരാൾക്കു തന്നെ മറ്റുള്ളവരുടെയും ജീവൻ സംരക്ഷിക്കാൻ കഴിയും. യാത്രയിൽ ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ വാഹനം നിർത്തി മതിയായ വിശ്രമം എടുക്കണമെന്നും നിർദേശിച്ചു. പലരും വിശുദ്ധമാസത്തിൽ രാത്രിയുടെ അന്ത്യയാമങ്ങൾവരെ നീളുന്ന പ്രാർഥനകളിൽ മുഴുകാറുണ്ട്. ഈ ഉറക്കക്കുറവ് വാഹനമോടിക്കുമ്പോൾ അശ്രദ്ധയിലേക്ക് നയിച്ചേക്കും. ഉറക്കക്കുറവും ഡ്യൂട്ടിസമയത്തിലെ മാറ്റവുമെല്ലാം നോമ്പെടുത്ത് വാഹനമോടിക്കുന്നവരുടെ ശ്രദ്ധയെ ബാധിക്കാനും സാധ്യതയുണ്ട്.
അതിനാൽ, പകലിൽ ഡ്രൈവ് ചെയ്യുമ്പോൾ ക്ഷീണവും മറ്റും അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആർ.ഒ.പി ഉദ്യോഗസ്ഥൻ നിർദേശിച്ചു. രാത്രിയിൽ ഡ്രൈവിങ്ങിനിടെ ഉറക്കം വരുകയാണങ്കിൽ വാഹനം പാർക്ക് ചെയ്ത് അൽപം വിശ്രമിച്ചിട്ടുവേണം യാത്ര തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. റമദാനിലെ ട്രാഫിക് അപകടങ്ങളുടെ ശരാശരി ഇതര മാസങ്ങളെ അപേക്ഷിച്ച് അൽപം കൂടുതലാണെന്നാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കാത്തതും ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
‘ഫ്ലക്സിബിൾ’ സംവിധാനം അനുസരിച്ച് വ്യത്യസ്ത ജോലി സമയങ്ങൾ പാലിക്കുകയും വാഹനങ്ങളുടെ എണ്ണം കുറക്കുകയും ചെയ്യുന്നതാണ് നല്ലത്. അതുവഴി നിരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സഹായിക്കും. മുന്നിൽപോകുന്ന വാഹനവുമായി അകലം പാലിച്ചുകൊണ്ട് ഡ്രൈവ് ചെയ്യണമെന്നും ആർ.ഒ.പി ഉദ്യോഗസ്ഥൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.