വിവിധ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. മസ്കത്ത്, ദാർസൈത്ത്, വാദി കബീർ അടക്കമുള്ള സ്കൂളുകളിലാണ് കഴിഞ്ഞ ദിവസം ക്ലാസുകൾ ആരംഭിച്ചത്. മറ്റ് ചില സ്കൂളുകളിൽ നേരത്തേ ക്ലാസ് തുടങ്ങിയിരുന്നു.
രക്ഷിതാക്കളോടൊപ്പം കെ.ജി ക്ലാസുകളിലെത്തിയ കുട്ടികളെ അധ്യാപകർ സ്വീകരിച്ചു. സ്കൂൾ അലങ്കരിച്ചും മോടികൂട്ടിയുമായിരുന്നു വിദ്യാർഥികളെ വരവേറ്റത്. കെ.ജി ക്ലാസിൽ പുതുതായി പ്രവേശനം നേടിയ നൂറുകണക്കിന് കുട്ടികൾ അറിവിന്റെ പുത്തൻ വാതായനത്തിലേക്കാണ് കാലെടുത്ത് വെച്ചിരിക്കുന്നത്.
റമദാൻ ആയതിനാൽ ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലെയും സമയക്രമത്തിൽ മാറ്റമുണ്ട്. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ കെ.ജി ക്ലാസുകൾ 8.15 മുതൽ 11 വരെയായിരക്കും. ഒന്നുമുതൽ നാലുവരെ ക്ലാസിലെ വിദ്യാർഥികൾക്ക് എട്ടുമുതൽ 12 വരെയും അഞ്ചുമുതൽ എട്ടുവരെ ക്ലാസുകൾക്ക് ഏഴുമുതൽ 12.45 വരെയും ഒമ്പത് മുതൽ 12 വരെ ക്ലാസുകൾക്ക് ഏഴുമുതൽ ഒരുമണി വരെയുമാണ് ഉണ്ടാവുക.
ഇന്ത്യൻ സ്കൂൾ മുലദ്ദ വിദ്യാർഥികളെ സ്വാഗതം ചെയ്ത് സ്വീകരണ പരിപാടികൾ ഒരുക്കി. ബലൂണുകൾ, പോസ്റ്ററുകൾ, ഡ്രോയിങ്ങുകൾ എന്നിവകൊണ്ട് കാമ്പസ് അലങ്കരിച്ചിരുന്നു. ഓർമചിത്രങ്ങൾ എടുക്കാൻ ക്രിയേറ്റിവ് ഫോട്ടോകോണുകളും ഒരുക്കിയിരുന്നു.
മസ്കത്ത് ഹൗസിന്റെ നേതൃത്വത്തിൽ പ്രഭാത അസംബ്ലി നടത്തി. പ്രസംഗങ്ങൾ, ഇന്നത്തെ ചിന്ത, പ്രചോദിപ്പിക്കുന്ന വ്യക്തിത്വം തുടങ്ങിയവ അസംബ്ലിയുടെ സവിശേഷതകളായിരുന്നു. വിദ്യാർഥികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്ത് പ്രിൻസിപ്പൽ സംസാരിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അനിൽകുമാർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.