പുതിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: ഈവർഷത്തെ വൈദ്യുതി നിരക്ക് 2021 ഡിസംബറിലെ നിരക്കിന് രണ്ടു ബൈസയിൽ കൂടാത്ത നിലയിൽ നിശ്ചയിച്ചു. വൈദ്യുതി താരിഫ് വിഭാഗത്തെ രണ്ടു തരമാക്കുകയും ചെയ്തു. രണ്ടോ അതിൽ കുറവോ അക്കൗണ്ടുകൾ ഉള്ളതാണ് അതിൽ ഒരു വിഭാഗം. ഇവരെ മൂന്ന് വിഭാഗമാക്കി തിരിച്ചു. പൂജ്യം മുതൽ 4,000 വരെ കിലോ വാട്ട് ഉപയോഗിക്കുന്നവർക്ക് 14 ബൈസയാണ് നിരക്ക്. 4001 മുതൽ 6000 കിലോ വാട്ട് വരെ ഉപയോഗിക്കുന്നവർക്ക് 17 ബൈസയും 6000 കിലോ വാട്ടിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 30 ബൈസയുമാണ് നിരക്ക്. രണ്ടിൽ കൂടുതൽ വൈദ്യുതി അക്കൗണ്ട് ഉള്ളവരെ മൂന്നു വിഭാഗമായി തിരിച്ചു.
പുജ്യം മുതൽ 4000 കിലോ വാട്ട് വരെ 20 ബൈസയും 4001 മുതൽ 6000 വരെ 25 ബൈസയും 6000 കിലോവാട്ടിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 30 ബൈസയുമാണ് നിരക്ക്.
താമസക്കാരുടെ വൈദ്യുതി നിരക്കുകൾ 2022 ജനുവരി ഒന്നിന്റെ നിരക്ക് അനുസരിച്ചാണ് കണക്കാക്കുക. വൈദ്യുതി സബ്സിഡി വിഭാഗത്തിൽ പെട്ടവർ അതിനാവശ്യമായി പ്രത്യേക ഫോറത്തിൽ അപേക്ഷ നൽകണം. ഇതിൽ ഒരു അക്കൗണ്ടിൽ മാത്രമാണ് സബ്സിഡി അനുവദിക്കുക. ഈ വിഭാഗത്തിൽ പൂജ്യം മുതൽ 4000 വരെ കിലോവാട്ട് ഉപയോഗിക്കുന്നവർക്ക് യൂനിറ്റിന് പത്തു ബൈസയും 4001 മുതൽ 6000 വരെ കിലോവാട്ടിന് 13 ബൈസയും 6000 മുതൽ മേൽപോട്ട് 20 ബൈസയുമാണ് യൂനിറ്റ് നിരക്ക്. കാർഷിക വിഭാഗത്തിൽ പൂജ്യം മുതൽ 3000 വരെ 12 ബൈസയും 3001 മുതൽ 6000 വരെ 16 ബൈസയും 6000 മുതൽ 24 ബൈസയുമാണ് നിരക്ക്.
ഇലക്ട്രിസിറ്റി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനായി ഒമാനിൽ ഇലക്ട്രിസിറ്റി സ്പോട്ട് മാർക്കറ്റ് ആരംഭിച്ചു.
വിഷൻ 2040ന്റെ ഭാഗമായി മിഡിലീസ്റ്റിലെ ആദ്യ സംരംഭമാണിത്. വൈദ്യുതിവിതരണം പുനർവിന്യാസം നടത്തുന്നതിന്റെ ഭാഗമായി മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യുഷൻ കമ്പനി, മസുൻ ഇലക്ട്രിസിറ്റി കമ്പനി, മജാൻ ഇലക്ട്രിസിറ്റി കമ്പനി, റൂറൽ ഏരിയാസ് ഇലക്ട്രിസിറ്റി കമ്പനി എന്നിവ ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയിൽ ലയിപ്പിച്ചു.
എന്നാൽ, ദോഫാർ ഇൻറഗ്രേറ്റ് സർവിസ് കമ്പനി ലയനത്തിൽ ഉൾപ്പെടുന്നില്ല. ഉപഭോക്താക്കൾക്ക് കുടുതൽ കാര്യക്ഷമതയും കൃത്യതയുമുള്ള സ്മാർട്ട്മീറ്ററുകൾ നൽകാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.