ദുകമിൽ അക്ഷരവെളിച്ചവുമായി പുതിയ ഇന്ത്യൻ സ്കൂൾ തുറന്നു
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിദ്യഭ്യാസ കുതിപ്പിന് കരുത്തേകി അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകമിൽ പുതിയ ഇന്ത്യൻ സ്കൂൾ തുറന്നു. പ്രൗഢഗംഭീരമായ ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്തു. ദുകം വാലി ശൈഖ് ബദര്‍ ബിന്‍ നാസര്‍ അല്‍ ഫര്‍സി, വിദ്യാഭ്യാസ മന്ത്രാലയം പ്രൈവറ്റ് സ്കൂള്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഖദീജ അലി മുഹമ്മദ് അല്‍ സലാമി, അല്‍ വുസ്ത ഗവര്‍ണറേറ്റ് വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ജനറല്‍ മാജിദ് ബിന്‍ നാസര്‍ അല്‍ സിനാവി, ഇന്ത്യന്‍ സ്കൂള്‍സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ. ശിവകുമാര്‍ മാണിക്കം, ബോര്‍ഡ് അംഗങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ഓഫിസ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്തെ 22ാമത്തെ ഇന്ത്യൻ സ്കൂളാണ് കഴിഞ്ഞ ദിവസം തുറന്നത്. ഇന്ത്യൻ സമൂഹത്തിന്റെ കുതിപ്പിന് പുതിയ സ്കൂൾ സംഭാവന ചെയ്യുമെന്നും മേഖലയുടെ സമഗ്രമായ വികസനത്തിന് സഹായകമാകുമെന്നും ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു. പ്രാദേശത്തെ ഇന്ത്യക്കാരുടെ ആവശ്യമായിരുന്നു സ്കൂൾ. ഇതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ഇതിനോടകം പ്രവേശനം നേടിയിട്ടുണ്ട്. കെ.ജി. മുതല്‍ നാല് വരെ ക്ലാസുകളിലേക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനം നല്‍കുന്നത്. സ്വന്തം കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.
ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിൽ 22 സ്കൂളുകളിലൂടെയായി 40,000ത്തിലധികം വിദ്യാർഥികൾക്ക് അക്ഷരവെളിച്ചം പകർന്ന് നൽകുന്ന വലിയ ഒരു പ്രസ്ഥാനമായി ഈ വിദ്യഭ്യാസ സ്ഥാപനങ്ങൾ മാറിയിട്ടുണ്ട്. ഇന്ത്യൻ വിദ്യാർഥികളുടെ അക്കാദമിക് വളർച്ചക്കും വികസനത്തിനും അവരുടെ ഭാവി രൂപപ്പെടുത്തുന്നതിനും ഗണ്യമായ സംഭാവനയാണ് ഈ സ്ഥാപനങ്ങൾ ചെയ്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.