മഴയുടെ സമ്മാനമായി സുഹാറിൽ പുതിയ തടാകം
text_fieldsസുഹാർ: സന്ദർശകർക്ക് ഉല്ലസിക്കാൻ പാർക്കുകളും ബീച്ചുകളും പൂന്തോട്ടങ്ങളും മനുഷ്യ നിർമിതിയാൽ പടുത്തയർത്തുമ്പോൾ ഒരു മഴക്ക് ശേഷം നീല ജലാശയമായി രൂപപ്പെട്ട തടാകം കൗതുകക്കാഴ്ചയാകുന്നു.
സുഹാറിലെ അമ്പർ ഭാഗത്തെ കോർണീഷിലേക്ക് പോകുന്ന വഴിയാണ് പുതിയ തടാകം രൂപപ്പെട്ടത്. സുവൈറ റൗണ്ട് എബൗട്ടിൽനിന്ന് ഷാത്തി റോഡിലേക്ക് തിരിഞ്ഞ് പാലസിന്റെ പിന്നിലൂടെ ബീച്ച് ഭാഗത്തേക്ക് പോകുന്ന സ്ഥലത്തുള്ള തടാകം ഇപ്പോൾ നിരവധി ആളുകളെയാണ് ആകർഷിക്കുന്നത്. മഴ വെള്ളപ്പാച്ചിലിൽ നിലവിൽ ഉണ്ടായിരുന്ന ടാർ റോഡ് ഒലിച്ചുപോയ ഭാഗത്താണ് വെള്ളം നിറഞ്ഞ് അരുവിയായി രൂപാന്തരപ്പെട്ടത്. തെളിമയുള്ള വെള്ളത്തിൽ നീന്തിക്കുളിക്കാൻ ദിനവും കുട്ടികളുടെ തിരക്കാണ്. കരയിൽ വന്നു പുതിയ കാഴ്ചകൾ ആസ്വദിക്കാനും നിരവധി പേർ എത്തുന്നുണ്ട്. റോഡിന് താഴെ വെള്ളം ഒഴുകിപ്പോകാൻ ഓവുകൾ നിർമിച്ചിട്ടുണ്ടെങ്കിലും ശക്തമായ വെള്ളപ്പാച്ചിലിൽ റോഡും ഓവും എല്ലാം ഒഴുകിപ്പോകുകയായിരുന്നു.റോഡ് ഒഴുകിപ്പോയതിന്റെ അവശിഷ്ടങ്ങൾ ഇവിടെ കാണാം. ആ സ്ഥലത്താണ് പുതിയ ജലാശയം ഉടലെടുത്തത്.
ന്യൂനമർദത്തിന്റെ ഭാഗമായുള്ള മഴയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നെങ്കിലും വറ്റാതെ നിന്നത് ചിലയിടങ്ങളിലാണ്. മഴക്കു ശേഷം പ്രകൃതി വലിയ മാറ്റങ്ങൾ വരുത്തി. പ്രദേശം മുഴുവൻ പച്ചപുതച്ചിരിക്കുകയാണ്. തരിശ്ഭൂമിയിൽ തളിരിട്ട പുല്ലും ചെടിയും വൃക്ഷങ്ങളും നയന മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.