പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യൻ സ്കൂളുകളിലും നടപ്പാക്കും
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കാൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. എൻ.ഇ.പി അനുസരിച്ച്, അക്കാദമിക് ഘടന 5+3+3+4 എന്ന സംവിധാനത്തിലേക്കാണ് പുനർനിർവചിക്കപ്പെട്ടിരിക്കുന്നത്. കുട്ടിയുടെ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലുടനീളം വിദ്യാഭ്യാസത്തോടുള്ള സമഗ്രമായ സമീപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ ഘടന അധികൃതർ ഒരുക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു. കിന്റർഗാർട്ടൻ നിലവിലുള്ള രണ്ട് വർഷ ഘടനയിൽ നിന്ന് മൂന്ന് വർഷമാകും എന്നതാണ് പ്രധാന മാറ്റം.
പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് മൂന്ന് മുതൽ ആറുവയസ്സ് വരെയുള്ള കുട്ടികൾക്ക് മൂന്ന് വർഷത്തെ കിൻഡർ ഗാർട്ടൻ (ബാൽവതിക), ആറു മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾ ഒന്ന്, രണ്ട് ക്ലാസുകളിലുമാണ് ഉൾപ്പെടുക. പ്രിപ്പറേറ്ററി സ്റ്റേജിൽ എട്ട് മുതൽ 11 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് മൂന്ന് മുതൽ അഞ്ചുവരെ ക്ലാസുകളും 11 മുതൽ 14 വയസ്സുവരെയുള്ള മിഡിൽ സ്റ്റേജിൽ ആറു മുതൽ എട്ടുവരെ ക്ലാസുകളും 14 മുതൽ 18 വയസ്സുവരെയുള്ള ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ സെക്കൻഡറി ഘട്ടവും ഉൾപ്പെടും. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലുടനീളം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസ അനുഭവം പുനർനിർവചിക്കുന്നതിനുള്ള പരിവർത്തന ഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു. ആഗോള നിലവാരവുമായി യോജിപ്പിച്ച് ഉയർന്ന വിദ്യാഭ്യാസം നൽകാനുള്ള ഞങ്ങളുടെ അചഞ്ചലമായ അർപ്പണബോധം രക്ഷിതാക്കൾക്ക് ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2025-2026 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന എൻ.ഇ.പിയുടെ ഭാഗമായി ഒമാനിലെ ഇന്ത്യൻ സ്കൂളുകിൽ 'ബാൽവതിക' (പ്രീ-സ്കൂൾ) ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കും.
ഇന്റർസ്കൂൾ ട്രാൻസ്ഫറുകൾക്കുള്ള പ്രവേശനത്തിന് സാധുവായ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. അതേസമയം നിലവിൽ എൻറോൾ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കുള്ള പ്രമോഷൻ യഥാക്രമം കെ.ജി ഒന്ന് മുതൽ കെ.ജി രണ്ടുവരെയും കെ.ജി രണ്ട് മുതൽ ക്ലാസ് ഒന്നുവരെയും നിലവിലെ സമ്പ്രദായമനസുരിച്ച് തുടരുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ഒമാനിലെ ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനായി എൻ.ഇ.പിയിൽ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ നിലവാരങ്ങൾ പാലിക്കുന്നതിനുള്ള ബോർഡിന്റെ സമർപ്പണത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അതത് സ്കൂളുകളിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാണമെന്നും രക്ഷിതാക്കളോട് അധികൃതർ ആവശ്യപ്പെട്ടു.
പുതിയ അധ്യയന വർഷത്തിൽ അഡ്മിഷൻ ഇങ്ങനെ
പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷനുകൾ ചുവടെ കാണിച്ചിരിക്കുന്നത് പ്രകാരം 2025 മാർച്ച് 31വരെയുള്ള പ്രായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടപ്പാക്കുക.
ബാൽവതിക: മൂന്ന് വയസ്സു പ്രായമുള്ള കുട്ടികൾ
കെ.ജി ഒന്ന്: നാല് വയസ്സ്
കെ.ജി രണ്ട്: അഞ്ച് വയസ്സുള്ള കുട്ടികൾ
ക്ലാസ് ഒന്ന്: ആറ് വയസ്സുള്ള കുട്ടികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.