ജി.സി.സി ട്രാഫിക് പിഴകളുടെ പേരിൽ പുതിയ ഓൺലൈൻ തട്ടിപ്പ്
text_fieldsമസ്കത്ത്: ജി.സി.സി രാജ്യങ്ങളിലെ ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് വ്യാജ സന്ദേശങ്ങൾ അയച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ട്രാഫിക് പിഴകൾ അടക്കണമെന്നാവശ്യപ്പെട്ട് അയക്കുന്ന സന്ദേശങ്ങിലെ ലിങ്കിലൂടെ വ്യക്തിപരവും ബാങ്കിങ് വിവരങ്ങളും തട്ടിയെടുക്കാനാണ് സംഘം ശ്രമിക്കുന്നത്.
ഇത്തരം ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ, ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും വ്യക്തിഗത, ബാങ്കിങ് ഡേറ്റ വെളിപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും ആർ.ഒ.പിയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് മുന്നറിയിപ്പ് നൽകി.
ജി.സി.സി രാജ്യങ്ങളിലെ ട്രാഫിക് പിഴകൾ അടക്കാൻ ഏകീകൃത സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏത രാജ്യത്തിൽനിന്നുള്ള പിഴയാണെങ്കിലും ആർ.ഒ.പിയുടെ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ അടക്കാവുന്നതാണ്.
ട്രാഫിക് പിഴ ശരി അല്ലെന്നോ അല്ലെങ്കിൽ ഗതാഗത കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നോ തോന്നുകയാണെങ്കിൽ ഇത്തരക്കാർക്ക് റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം വഴി പരാതി നൽകാവുന്നതാണ്.
എന്നാൽ, ഇതിന് പരിഹാരം ലഭിക്കാൻ കാലതാമസം പിടിക്കും. ഇത്തരക്കാർക്ക് പിഴ ലഭിച്ച ജി.സി.സി രാജ്യങ്ങളിൽപോയി നേരിട്ടുപോയി പരാതിയും നൽകാവുന്നതാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പിഴ അടക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സ്വദേശികളോടും വിദേശികളോടും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.