ന്യൂനമർദം: കാറ്റ്, മഴ തുടരുന്നു
text_fieldsമസ്കത്ത്: ന്യൂനമർദത്തെ തുടർന്ന് രണ്ടു ദിവസം മുമ്പ് ആരംഭിച്ച മഴ തലസ്ഥാന നഗരിയായ മസ്കത്ത് ഉൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ചയും തുടർന്നു. കനത്ത കാറ്റിെൻറയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ കോരിച്ചൊരിഞ്ഞത്. നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
റോഡുകളിൽ വെള്ളം കയറി പലയിടത്തും ചെറിയതോതിൽ ഗതാഗതം തടസ്സപ്പെട്ടു. വാദികൾ നിറഞ്ഞുകവിയുന്നതിനാൽ മുറിച്ചുകടക്കരുതെന്ന് അധികൃതരുടെ നിർദേശമുണ്ട്. സുഹാർ, ഇബ്ര, ലിവ, ഖാബൂറ, നഖൽ, ബഹ്ല, അൽഅവബി, ഖുറിയാത്ത്, യങ്കൽ, ബുറൈമി എന്നിവിടങ്ങളിലായിരുന്നു മഴ. പലയിടത്തും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിൽ രാവിലെ മുതൽതന്നെ സാമാന്യം നല്ല മഴ ലഭിച്ചു. ഇടിയും അനുഭവപ്പെട്ടു. റൂവി, ഖുറം, അൽ ഖുവൈർ ഭാഗങ്ങളിൽ ഉച്ചയോടെയാണ് ഇടിയോടുകൂടിയ മഴ ലഭിച്ചത്. എന്നാൽ, അധികനേരം നീണ്ടുനിൽക്കാഞ്ഞത് ആശ്വാസമായി. വെള്ളിയാഴ്ച പ്രർഥനസമയത്ത് പെയ്ത മഴ നമസ്കരിക്കാനെത്തിയവർക്ക് ബുദ്ധിമുട്ടുണ്ടാക്കി.
കോവിഡ് നിയന്ത്രണംമൂലം പള്ളിക്കകത്ത് പകുതി ആളുകൾക്കേ പ്രാർഥനക്ക് അവസരമുള്ളൂ. ശേഷിക്കുന്ന ആളുകൾ പള്ളിക്കുപുറത്താണ് നമസ്കാരം നിർവഹിക്കാറ്. രാവിലെ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെട്ടതിനാൽ ബീച്ചുകളിൽ ഒട്ടേറെ ആളുകളെത്തി. എന്നാൽ, മിക്കയിടത്തും കടൽ പ്രക്ഷുബ്ധമായതിനാൽ ഇറങ്ങാൻ സുരക്ഷ ജീവനക്കാർ അനുവദിച്ചില്ല. അപകട ഭീതിയെ തുടര്ന്ന് വാഹന വേഗം നിയന്ത്രിക്കണമെന്ന ആര്.ഒ.പിയുടെ മുന്നറിയിപ്പുണ്ട്.
മഴ കൂടുതൽ ഇബ്ര വിലായത്തിൽ
രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുൽ മഴ ലഭിച്ചത് ഇബ്രയിൽ. 46 മി.മീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഡിസംബർ 30 മുതൽ 31 രാവിലെ എട്ടുവരെയുള്ള കണക്കാണിത്. 30 മി.മീറ്റർ മഴ ലഭിച്ച ലിവയാണ് രണ്ടാംസ്ഥാനത്ത്. മറ്റു വിലായത്തുകളിൽ ലഭിച്ച മഴയുടെ കണക്ക്: ഖാബൂറ 14 മി.മീറ്റർ, നഖൽ 10 മി.മീറ്റർ. ബഹ്ല, അൽഅവബി, സുഹാർ എന്നിവിടങ്ങളിൽ പത്തിൽ താഴെയും മഴ ലഭിച്ചു. ജാഗ്രത തുടരണം
ന്യൂനമർദം അടുത്ത ആഴ്ചവരെ നീണ്ടുനിൽക്കുമെന്നും വിവിധ ഭാഗങ്ങളിൽ കാറ്റിെൻറ അകമ്പടിയോടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ 30 മുതൽ 80 മി.മീറ്റർ വരെ മഴ പെയ്തേക്കും.മുസന്ദം, ബുറൈമി, അൽ ദാഹിറ, തെക്ക്-വടക്കൻ ബത്തിന, മസ്കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിൽ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ന്യൂനമർദം ഞായറാഴ്ചയോടെ ദുർബലമാകും. എന്നാൽ, തിങ്കളാഴ്ച വീണ്ടും ശക്തിയാർജിക്കും. ബുധനാഴ്ച വരെ ഇതിെൻറ ആഘാതം വടക്കൻ ഗവർണറേറ്റുകളിൽ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച നൽകിയ മുന്നറിയിപ്പിൽ അറിയിച്ചിരുന്നു.
പൊലിമ കുറഞ്ഞ് പുതുവത്സരാഘോഷം
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പുതുവത്സരം ആഘോഷിക്കാനിരുന്നവർക്ക് നിരാശ പടർത്തി മഴ. ഹോട്ടലുകളിൽ കോവിഡ് നിയന്ത്രണം പാലിച്ച് 50 ശതമാനം ശേഷിയിൽ ന്യൂ ഇയർ ഡിന്നറുകൾ നടന്നിരുന്നു. എന്നാൽ, നിശ്ചിത ആളുകളെ പങ്കെടുപ്പിച്ചുള്ള ന്യൂ ഇയർ ഡി.ജെ പരിപാടികൾ അടക്കമുള്ളവ മോശം കാലാവസ്ഥയെ തുടർന്ന് മാറ്റി. ഇത്തരം പരിപാടികൾ മാറ്റിയത് നഗരത്തിലെ ഫോട്ടോ, വിഡിയോഗ്രാഫർമാർക്കും ഡി.ജെകൾക്കും തിരിച്ചടിയായി. ഏറെക്കാലത്തിനു ശേഷം വിപണി ഉണർന്നതിെൻറ ആശ്വാസത്തിലിരിക്കുന്ന സമയത്താണ് അപ്രതീക്ഷിത തിരിച്ചടി. അതേസമയം, ബാച്ചിലേഴ്സ് റൂമുകളിൽ ചെറിയ തോതിലുള്ള പുതുവത്സരാഘോഷം നടന്നു. ക്രിസ്തീയ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.