കനത്ത മഴയിൽ ക്ലാസിന് അവധി നൽകാൻ പുതിയ പ്രോട്ടോകോൾ
text_fieldsമസ്കത്ത്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നതിന് പുതിയ പ്രോട്ടോകോൾ തയാറാക്കിയതായി ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കഠിനമായ കാലാവസ്ഥയിൽ വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പ്രോട്ടോകോൾ പ്രകാരം, ക്ലാസുകൾ നിർത്തിവെക്കാനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും പ്രഖ്യാപിക്കുന്നതിനുമുള്ള ഉത്തരവാദിത്തം നാഷനൽ എമർജൻസി മാനേജ്മെന്റ് കമ്മിറ്റിക്കായിരിക്കും.
മസ്കത്തിലും ദോഫാറിലും 60 മില്ലീമീറ്ററും അൽ വുസ്തയിലും മുസന്ദത്തിലും 100 മില്ലീമീറ്ററും മറ്റു ഗവർണറേറ്റുകളിൽ 80 മില്ലീമീറ്ററും മഴ കവിഞ്ഞാൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കുകയോ ഓൺലൈനിലേക്ക് മാറ്റുകയോ ചെയ്യണം.
മസ്കത്തിലും ദോഫാറിലും 35 മില്ലീമീറ്ററിൽ താഴെയും മുസന്ദം, അൽ വുസ്തയിൽ 50 മില്ലീമീറ്ററിൽ താഴെയും, ശേഷിക്കുന്ന ഗവർണറേറ്റുകളിൽ 80 മില്ലിമീറ്ററിൽ താഴെയും ആണെങ്കിൽ ക്ലാസുകൾ സാധാരണ പോലെ തുടരും.
എന്നിരുന്നാലും, മസ്കത്തിലും ദോഫാറിലും 35 മില്ലീമീറ്ററും അൽ വുസ്തയിലും മുസന്ദത്തും 50 മില്ലീമീറ്ററും മറ്റു പ്രദേശങ്ങളിൽ 80 മില്ലീമീറ്ററും മഴയും പെയ്യുന്ന വേളയിൽ, ക്ലാസുകൾ തുടരുന്നതിനോ ഇവ താൽക്കാലികമായി നിർത്തിവെക്കുന്നതിനോ വിദൂര പഠന രീതിയിലേക്ക് മാറുന്നതിനോ തീരുമാനങ്ങൾ വ്യത്യാസപ്പെടാം. മിതമായ മഴയുണ്ടാകുന്ന പശ്ചാത്തലത്തിൽ ക്ലാസുകൾ പതിവുപോലെ തുടരുന്നത് അതുമായി ബന്ധപ്പെട്ട സർക്കാർ യൂനിറ്റുകളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രതികൂല കാലാവസ്ഥയിൽ വിദ്യാർഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകി വിദ്യാഭ്യാസ തുടർച്ച സംരക്ഷിക്കുക എന്നതാണ് ഈ സമീപനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം ഏപ്രിൽ 14 മുതൽ 17 വരെ കനത്ത മഴക്ക് ഒമാൻ സാക്ഷ്യം വഹിച്ചിരുന്നു. ഇതിന്റെ ഫലമായി വ്യാപകമായ വെള്ളപ്പൊക്കം, കൃഷി നാശം, സ്കൂൾ, കോളജ് വിദ്യാഭ്യാസം എന്നിവ തടസ്സപ്പെടുകയും ചെയ്തു. ബുറൈമിയിലെ മഹ്ദയിൽ 320 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇത് 2022ലെ ദേശീയ ശരാശരിയായ 30.6 മില്ലിമീറ്ററിന്റെ പത്തിരട്ടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.