വെള്ളപ്പൊക്കഭീഷണി നേരിടാൻ ദ്വിവത്സര പദ്ധതിയുമായി മന്ത്രാലയം
text_fieldsഒമാനിൽ അനുഭവപ്പെട്ട വെള്ളപ്പൊക്കത്തിലൊന്ന് (ചിത്രം)
മസ്കത്ത്: മഴ പെയ്യുമ്പോൾ ഒമാന്റെ പല ഭാഗങ്ങളിലും ഉണ്ടാകാറുള്ള വെള്ളപ്പൊക്ക ഭീഷണിയും അതോടനുബന്ധിച്ചുണ്ടാവുന്ന നാശനഷ്ടങ്ങളും നിയന്ത്രിക്കാൻ പദ്ധതിയുമായി കാർഷിക മത്സ്യ ജലവിഭവ മന്ത്രാലയം. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പുകൾ തയറാക്കുക, ഇത്തരം മേഖലകളിലുള്ള ജനങ്ങളെയും പാശ്ചാത്തല സൗകര്യത്തെയും അടിയന്തരമായി സംരക്ഷിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുക എന്നതാണ് ലക്ഷ്യം.
പദ്ധതിയനുസരിച്ച് തീവ്ര വെള്ളപ്പൊക്ക ഭീഷണിയുള്ള മേഖല, ഇടത്തരം ഭീഷണിയുള്ള മേഖല, നേരിയ ഭീഷണിയുള്ള മേഖല എന്നിങ്ങനെ പ്രദേശങ്ങളെ തരം തിരിക്കുകയാണ് ചെയ്യുക. വാദികൾ പ്രധാന റോഡുകൾ എന്നിവയും ഉൾപ്പെടും. മഴവെള്ള ഭീഷണിയുള്ള സഥലങ്ങൾ കണ്ടെത്തുകയും വെള്ളപ്പൊക്കം മൂലമുണ്ടാവുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കുന്ന രീതിയിലുള്ള നഗര പ്ലാനിങ് പദ്ധതികൾ നടപ്പാക്കുകയും ചെയ്യും. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഒന്നാം ഘട്ടം 12 മാസം നീളുന്നതാണ്.
മഴയുടെ അളവുകളും മറ്റ് വിവരങ്ങളും വിലയിരുത്തുക, മഴയുടെ തീവ്രതയും അതിന്റെ നൈരന്തര്യവും കണക്കാക്കുക, മഴവള്ളപ്പൊക്കത്തെ നേരിടാനുള്ള മാർഗ നിർദേശങ്ങൾ എല്ലാ ഗവർണറേറ്റിലും നൽകുക, മഴയുടെ രീതി എങ്ങനെയാണെന്ന് കണ്ടെത്തി അവയുടെ അപകടം ഒഴിവാക്കുകയുമാണ് ഒന്നാം ഘട്ട പദ്ധതിയുടെ ലക്ഷ്യം. ഏഴ് മാസം കാലാവധിയുള്ളതാണ് രണ്ടാം ഘട്ടം. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വെള്ളപ്പൊക്ക ഏരിയകളുടെ പരിഷ്ക്കരിച്ച മാപ്പുകൾ തയാറാക്കുകയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത് വെള്ളപ്പൊക്ക സർവേ നടത്താനും വെള്ളപ്പൊക്ക മേഖലകൾ പെട്ടെന്ന് കണ്ടെത്താനും സഹായകമാവും.
അഞ്ച് മാസ കാലാവധിയുള്ളതാണ് മൂന്നാം ഘട്ടം. വെള്ളപ്പൊക്ക വേളകൾ നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ തയാറാക്കുന്നതുമാണ് മൂന്നാം ഘട്ടം. വെള്ളത്തിന്റെ പ്രധാന റൂട്ടുകൾ കണ്ടെത്തുക, വൻ വെള്ളപ്പൊക്ക സമയങ്ങളിൽ എടുക്കേണ്ട അടിയന്തര നടപടികൾ തീരുമാനിക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം വെളളപ്പൊക്ക ഭീഷണിയും അതോടനുബന്ധിച്ചുള്ള പദ്ധതികളും പഠിക്കാൻ പ്രത്യേക ടീമിനെ മന്ത്രാലയം നിയമിച്ചിരുന്നു. രണ്ട് വർഷത്തിനുള്ളിലാണ് നടപടികളെടുക്കേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.