ബജറ്റ്: സാധാരണ പ്രവാസിക്ക് കഞ്ഞി കുമ്പിളിൽ തന്നെ
text_fieldsകഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്ര ബജറ്റ് ഇടത്തരം പ്രവാസികളുടെ നേരെ കണ്ണടക്കുകയാണ് പതിവ്. ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലും പ്രവാസികൾക്ക് കാര്യമായി ഒന്നും ഇല്ല. ലോകെമെമ്പാടുമുള്ള 35.4 ദശലക്ഷം വിദേശ ഇന്ത്യക്കാർ ഏകദേശം 129 ബില്യൺ യു.എസ്. ഡോളറാണ് 2024ൽ ഇന്ത്യയിലേക്ക് അയച്ചത്. ഈ വിദേശനാണ്യം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്.
ഒരു സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ ശിഷ്ടകാലം സ്വസ്ഥമായി ജീവിക്കാൻ വേണ്ടി ഒരു ഭേദപ്പെട്ട സാമൂഹ്യ സുരക്ഷാപദ്ധതി (പെൻഷൻ, ഹെൽത്ത് ഇൻഷുറൻസ്, കുടുംബ സഹായം എന്നിവ) വേണമെന്നുള്ള നിരന്തര ആവശ്യം ഇത്തവണയും പരിഗണിച്ചിട്ടില്ല. കേന്ദ്രസർക്കാറിന്റെ നിലവിലുള്ള പദ്ധതികൾ പല കാരണങ്ങൾകൊണ്ടും സാധാരണ പ്രവാസികളിലേക്കെത്തുന്നില്ല. അതുകൊണ്ട് തന്നെ കേരള പ്രവാസി ക്ഷേമനിധി മോഡലിൽകേന്ദ്ര സർക്കാർ നിലവിലുള്ള പദ്ധതികൾ സംയോജിപ്പിച്ച് ഒരു കുടക്കീഴിൽ ഒരു സാമൂഹ്യ സുരക്ഷാപദ്ധതി നടപ്പാക്കേണ്ടിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ വളരെ നല്ല ചെറുസമ്പാദ്യ പദ്ധതികൾ പ്രവാസികൾക്ക് ഇപ്പോഴും അപ്രാപ്യമാണ്. നികുതി നിയമങ്ങളിലുള്ള വേർതിരിവ്, ആഘോഷ വേളകളിലും സ്കൂൾ അവധി സമയത്തുമുള്ള വിമാന കൊള്ള എന്നിവക്ക് ഒരു പരിഹാരവുമില്ല. എന്നാൽ ധനികരായ പ്രവാസികളുടെ ആവശ്യങ്ങൾ പലതും പരിഗണിച്ചിട്ടുണ്ടെന്നും പറയാതെ വയ്യ. പ്രവാസി നിക്ഷേപത്തിന് സഹായകരമായ ധാരാളം നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർ സന്തോഷത്തിലാണ്. ഇന്ത്യയിലെ ഇടത്തരക്കാരെ ബജറ്റ് കാര്യമായി സഹായിച്ചിട്ടുണ്ട്. വരുമാന നികുതി പരിധി ഏഴ് ലക്ഷത്തിൽനിന്നും 12 ലക്ഷമായി ഉയർത്തി. ഈ തീരുമാനത്തിന്റെ പ്രയോജനം പ്രവാസികൾക്കും അവരുടെ ഇന്ത്യയിലെ വരുമാനത്തിനും ലഭിക്കുമെന്നുള്ളത് ഒരു നല്ല കാര്യമാണ്.
ഇന്ത്യയിലേക്ക് വരുമ്പോൾ, 100 ശതമാനം ഇൻഷുറൻസ് മേഖലയിലുള്ള വിദേശനിക്ഷേപം, കാർഷിക, വ്യവസായ, വിദ്യാഭ്യാസ, സ്ത്രീ, തൊഴിൽ, കയറ്റുമതി മേഖലകളിൽ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് സഹായകരമാണെന്ന് പറയാം. ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചക്ക് പരിഹാരമൊന്നും കണ്ടില്ല. രൂപയുടെ വിലയിടിവ്, പ്രവാസികൾക്കും അതുപോലെ തന്നെ കയറ്റുമതിക്കാർക്കും ഒരുപോലെ സന്തോഷമുള്ള സംഗതിയാണ്. ആർ.ബി.ഐയുടെ അടുത്ത ആഴ്ച നടക്കുന്ന അവലോകനത്തിൽ ഇതിന്റെ ദിശ മനസ്സിലാക്കാം.
ബാങ്കിൽ നിന്നും വായ്പയെടുത്തു വിദേശത്ത് പഠിക്കുന്ന കുട്ടികളുടെ ഫീസ് അടക്കുന്നതിനുള്ള നികുതിയിളവ്, വിദേശത്തേക്ക് പണമയക്കുന്നതിലുള്ള പുതിയ പരിധി എന്നിവ ആശ്വാസകരമായ നടപടികളാണ്. യു.കെ, യു.എസ്.എ, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദ്യാർഥികൾക്കും, യുവാക്കൾക്കും അവരുടെ ഇന്ത്യയിലേക്ക് അയക്കുന്ന വരുമാനത്തിന്റെയും, മറ്റു നികുതി സംബന്ധമായ കാര്യങ്ങളും കൂടുതൽ കർക്കശമാക്കുന്നു. ഇതു ലോക നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടിയാണെങ്കിലും അവർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളുണ്ടാകുമെന്നുള്ളത് തീർച്ചയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.