അയൺമാൻ: അഭിമാനകരമായ നേട്ടവുമായി ‘മലയാളി റൈഡേഴ്സ്’
text_fieldsഅയൺമാൻ മത്സരത്തിൽ മെഡലുകൾ നേടിയ ‘മലയാളി റൈഡേഴ്സ്’
അംഗങ്ങൾ
മസ്കത്ത്: ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കായിക മത്സരങ്ങളിൽ ഒന്നായ അയൺമാൻ 70.3 ഏഴാം തവണ പൂർത്തിയായപ്പോൾ മസ്കത്തിലെ സൈക്ലിങ്, ഫിറ്റ്നസ് പ്രേമികളുടെ കൂട്ടായ്മയായ ‘മലയാളി റൈഡേഴ്സും’ അഭിമാനകരമായ നേട്ടത്തിന് ഉടമകളായി. ഇതിലെ പത്ത് അംഗങ്ങളാണ് കഠിനമായ കായിക പരീക്ഷണം വിജയകരമായി ലക്ഷ്യം പൂർത്തിയാക്കി മെഡലുകൾ വാരികൂട്ടിയത്. ആഗോള കായിക ഇനങ്ങളിൽ മലയാളി പ്രവാസികളുടെ വർധിച്ചുവരുന്ന പ്രാതിനിധ്യത്തെയും നേട്ടങ്ങളെയും എടുത്തു കാണിക്കുന്നതാണ് ഈ നേട്ടം .
വേൾഡ് ട്രയാത്തലോൺ കോർപറേഷനും അയൺമാനും സംയുക്തമായി സംഘടിപ്പിച്ച ഈ മത്സരത്തിൽ 1.9 കിലോ മീറ്റർ ആഴക്കടലിലൂടെയുള്ള നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21 കിലോമീറ്റർ ഓട്ടം എന്നിവ ഇടവേളകളില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയാൽ മാത്രമേ അയൺമാൻ പട്ടം ലഭിക്കുകയുള്ളു. ആകെ എട്ടര മണിക്കൂർ സമയമാണ് ഇവ മൂന്നും ചെയ്തു തീർക്കാൻ അനുവദിച്ചിട്ടുള്ളത്.
അതോടൊപ്പം ഓരോ ഇനത്തിലും നിശ്ചയിച്ചിട്ടുള്ള സമയത്തിനുള്ളിലും ഓരോന്നും പൂർത്തിയാക്കണം. മസ്കത്തിൽ പ്രവാസ ജീവിതം നയിക്കുന്ന വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ അത്ലറ്റുകൾ കഠിനമായ പരിശീലനത്തിലൂടയാണ് ലക്ഷ്യം കൈവരിച്ചത്.
പാലാ സ്വദേശി ദീപു ജോർജ് , കോഴിക്കോടുകാരനായ സുഹിൻ കുമാർ, മലപ്പുറം സ്വദേശി അൻവർ സാദത്ത്, കണ്ണൂർ സ്വദേശി വിനീഷ് മാത്യു, എറണാകുളം സ്വദേശികളായ റോൺ ഫിലിപ് , രാഹുൽ ഹരി, അബു സന്ദീപ് , നരേൻ ഫിലിപ്, ആലപുഴ സ്വദേശി മച്ചു ഷാനവാസ്, ചങ്ങനാശേരി സ്വദേശി ഡോക്ടർ ആനന്ദ് സെബാസ്റ്റ്യൻ എന്നിവരാണ് കഠിനമായ കായിക പരീക്ഷണത്തെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്നത് . അയൺമാൻ പൂർത്തിയാക്കുക എന്നത് ഒരു സ്വപ്നമായിരുന്നു .അതികഠിനമായ പരിശീലനത്തിലൂടെ അത് നേടിയെടുത്തു.
മലയാളികളുടെ സ്വന്തം ടീം ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് മലയാളി റൈഡേഴ്സ് അംഗം ദീപു ജോർജ് പറഞ്ഞു . കൂട്ടായ പരിശ്രമത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ശക്തിയുടെയും തെളിവാണ് ഈ വിജയമെന്നും അതോടൊപ്പം കൂടുതൽ ആളുകളെ ഇത്തരം കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുക കൂടി ഞങ്ങളുടെ ലക്ഷ്യമാണെന്ന് മറ്റൊരു അംഗവും ജേതാവുമായ അൻവർ പറഞ്ഞു .
പത്ത് അത്ലറ്റുകളുടെ അഭിമാനകരമായ വിജയം കേരളത്തിന്റെ സമ്പന്നമായ കായിക സംസ്കാരത്തിന്റെയും അവിടത്തെ ജനങ്ങളുടെ അചഞ്ചലമായ മനോഭാവത്തിന്റെയും ആഘോഷമാണ്. കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ മത്സരങ്ങളിൽ പങ്കെടുത്ത് നേട്ടങ്ങളുടെ കൊടുമുടി കീഴടക്കാൻ ഇവർ തയാറെടുക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.