രാത്രി സഞ്ചാര വിലക്ക് ഇന്നുമുതൽ; നിയമം ലംഘിച്ചാൽ കർശന നടപടി
text_fieldsമസ്കത്ത്: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി സുപ്രീംകമ്മിറ്റി പ്രഖ്യാപിച്ച രാത്രി സഞ്ചാര വിലക്ക് ഇന്ന് നിലവിൽവരും. അടുത്ത 24 വരെയുള്ള രണ്ടാഴ്ച കാലയളവിൽ രാത്രി എട്ടു മുതൽ പുലർച്ച അഞ്ചുവരെ ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതിയുണ്ടായിരിക്കില്ല. കടകളും പൊതുസ്ഥലങ്ങളും ഇൗ സമയത്ത് അടച്ചിടുകയും വേണം. സുപ്രീം കമ്മിറ്റി നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടർ മുഹമ്മദ് ബിൻ സഇൗദ് അൽ യഹ്യ പറഞ്ഞു. നിയമലംഘകരെ അറസ്റ്റ് ചെയ്ത് കോടതി നടപടികൾക്ക് വിധേയരാക്കും. പേരുകളും ചിത്രങ്ങളും വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. ബീച്ചുകൾ ഇനിയൊരു അനുമതിയുണ്ടാകുന്നത് വരെ അടച്ചിടൽ, ചില വാണിജ്യ പ്രവർത്തനങ്ങളുടെ അടക്കൽ തുടങ്ങിയ തീരുമാനങ്ങളും വെള്ളിയാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം കൈക്കൊണ്ടിരുന്നു.
രാത്രി സഞ്ചാരവിലക്കിെൻറ ഭാഗമായി വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെ സമയക്രമം ക്രമീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും എട്ടുമണിയോടെ താമസ സ്ഥലങ്ങളിൽ എത്താൻ കഴിയുന്ന വിധത്തിലുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
മുവാസലാത്ത് ബസ്, ഫെറി സർവിസുകളുടെ സമയക്രമത്തിലും ഞായറാഴ്ച മുതൽ മാറ്റമുണ്ടാകും. സഞ്ചാരവിലക്ക് അവസാനിക്കുന്ന ഒക്ടോബർ 24 വരെ പുതിയ സമയക്രമം പ്രാബല്യത്തിലുണ്ടാകും. മസ്കത്ത് ഗവർണറേറ്റിൽ വൈകീട്ട് ആറു മണി വരെ മാത്രമാണ് ബസ് സർവിസുകൾ ഉണ്ടാവുകയുള്ളൂ. ഇൻറർസിറ്റി സർവിസുകളും ഫെറി സർവിസുകളും വൈകീട്ട് ആറു മണിക്ക് ലക്ഷ്യ സ്ഥാനത്ത് എത്താൻ കഴിയുന്ന വിധത്തിൽ പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സമയക്രമത്തെക്കുറിച്ച വിശദ വിവരങ്ങൾ കമ്പനിയുടെ ഒൗദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ലഭ്യമാകും. ബസ് സർവിസുകളെ കുറിച്ച വിവരങ്ങൾക്ക് 24121500/ 24121555 എന്നീ നമ്പറുകളിലും ഫെറി സർവിസിനെ കുറിച്ച വിവരത്തിന് 80072000 എന്ന നമ്പറിലും ബന്ധപ്പെടാം.
മസ്കത്ത് ഗവർണറേറ്റിലെ ഹെൽത്ത് സെൻററുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. എല്ലാ ഹെൽത്ത് സെൻററുകളും രാവിലെ ഏഴര മുതൽ ഉച്ചക്ക് രണ്ടര വരെ പ്രവർത്തിക്കും. ചില ഹെൽത്ത് സെൻററുകൾ ഉച്ചക്ക് രണ്ടര മുതൽ രാത്രി ഒമ്പതര വരെയും പ്രവർത്തിക്കും. വാരാന്ത്യങ്ങളിലും ഒൗദ്യോഗിക അവധി ദിനങ്ങളിലും രാവിലെ ഒമ്പതര മുതൽ വൈകീട്ട് നാലര വരെയായിരിക്കും പ്രവർത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.